kozhikode local

യുഡിഎഫിന് തിരിച്ചടിയായി സേവ് കോണ്‍ഗ്രസ് ഫോറം

മുക്കം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തിരുവമ്പാടിയില്‍ യുഡിഎഫിന് തിരിച്ചടിയായി സേവ് കോണ്‍ഗ്രസ് ഫോറം. ഒന്നര വര്‍ഷം മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ സജീഷ് മുത്തേരിയുടെ നേതൃത്വത്തിലാണ് ഫോറം രൂപീകരിച്ചത്.
ഫോറത്തിന്റെ പ്രഥമ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ മുക്കം സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. 150 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. തനിക്ക് ശേഷം പുറത്താക്കിയ നിരവധി പേരെ ഇതിനകം പാര്‍ട്ടിയില്‍ തിരിച്ചെടുത്തതായും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച തന്നെ തിരിച്ചെടുക്കാത്തത് കടുത്ത അനീതിയാണെന്നും മുന്‍ ഗ്രാമപഞ്ചായത്തംഗം കൂടിയായ സജീഷ് മുത്തേരി പറഞ്ഞു.
തന്റെ ഭാര്യയായത് കൊണ്ട് മാത്രം ജയപ്രഭാവതിക്ക് സീറ്റ് നിഷേധിക്കുന്ന അവസ്ഥയുണ്ടായി. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച പലരും ഇപ്പോള്‍ പാര്‍ട്ടിക്കകത്തായത് സങ്കടകരമാണെന്നും സജീഷ് മുത്തേരി പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ അംഗമായിരുന്ന സജീഷ് മുത്തേരി, റനീഷ് തട്ടാലത്ത്, സിന്ധു താഴെ കോട്ടുമ്മല്‍ എന്നിവരെ മുക്കത്തെ ഒരു ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കാന്‍ സിപിഎമ്മിനൊപ്പം കൂട്ടുനിന്നു എന്ന കാരണം പറഞ്ഞാണ് വി എം സുധീരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
കണ്‍വെന്‍ഷനില്‍ കേശവന്‍ നമ്പൂതിരി അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അജിത്ത് മാമ്പറ്റ, ശിവദാസന്‍ ഇരുള്‍കുന്നുമ്മല്‍, ഷിനാസ് വയലില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിന് സജീഷ് മുത്തേരി ചെയര്‍മാനും കേശവന്‍ നമ്പൂതിരി കണ്‍വീനറുമായി പുതിയ കമ്മിറ്റി രൂപീകരിച്ചു.
അജിത് മാമ്പറ്റ, ശിവദാസന്‍ ഇരുള്‍ കുന്നുമ്മല്‍, ഷിനാസ് വയലില്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. വരുംദിവസങ്ങളില്‍ സമാന ചിന്താഗതിക്കാരെ കൂട്ടിയിണക്കി മുക്കം നഗരസഭയിലും ആറു പഞ്ചായത്തുകളിലും കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കും. അതേസമയം സജീഷ് മുത്തേരിയോടൊപ്പം പുറത്താക്കിയ റനീഷ് തട്ടാലത്ത്, സിന്ധു താഴെകോട്ടുമ്മല്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തില്ല.
Next Story

RELATED STORIES

Share it