ernakulam local

യുഡിഎഫിന് ഒരു സ്റ്റാന്റിങ് കമ്മിറ്റി വിട്ടുകൊടുക്കാന്‍ ധാരണ

കാക്കനാട്: തൃക്കാക്കരയില്‍ മുനിസിപ്പല്‍ ഭരണം സുഗമമാക്കാന്‍ യുഡിഎഫിന് ഒരു സ്റ്റാന്റിങ് കമ്മിറ്റി വിട്ടുകൊടുക്കാന്‍ ഇരുമുന്നണികളും ധാരണയിലായി.
എന്നാല്‍ ഇടതുമുന്നണിക്കു പിന്തുണ നല്‍കിയ സിപിഎം വിമതന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ ഇന്നു നടക്കുന്ന സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ നിഷ്പക്ഷത പാലിക്കുമെന്ന് എം എം നാസര്‍ പറഞ്ഞു.
രണ്ടു വിമതന്മാരുടെ പിന്തുണയോടെയാണ് തൃക്കാക്കരയില്‍ ഇടതുമുന്നണി ഭരണം പിടിച്ചെടുത്തത്. അതില്‍ കോണ്‍ഗ്രസ് വിമതനായി ജയിച്ചുവന്ന സാബു ഫ്രാന്‍സിസിന് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയെങ്കിലും സിപിഎം വിമതനായി വിജയിച്ചുവന്ന എം എം നാസറിന് നേതാക്കള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. പിന്തുണ നേടി ഭരണത്തില്‍കയറിയശേഷം തന്നെ പുറംതള്ളുന്ന നടപടിയില്‍ പ്രതിഷേധിച്ച് ഇന്നു നടക്കുന്ന സ്റ്റാന്റിങ് കമ്മിറ്റിയില്‍ വോട്ടെടുപ്പ് ഉണ്ടായാല്‍ വ്യക്തികളെ നോക്കി വോട്ടുചെയ്യുമെന്നും എം എം നാസര്‍ പറഞ്ഞു.
നാസര്‍ അത്തരത്തില്‍ ഒരു നിലപാടെടുത്താല്‍ ഇടതുമുന്നണി അങ്കലാപ്പിലാവും.
നാസര്‍ നിഷ്പക്ഷ നിലപാടെടുത്താല്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യമായ അംഗബലമാവും. ഇത് ഭരണത്തെ സാരമായി ബാധിക്കും. ആറ് സ്ഥിരം സമിതികളിലേക്കാണ് ഇന്ന് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. അതില്‍ അഞ്ചെണ്ണത്തില്‍ അധ്യക്ഷന്മാരെയും പിന്നീട് തിരഞ്ഞെടുക്കും. ഫിനാന്‍സ് സമിതി അധ്യക്ഷന്‍ വൈസ് ചെയര്‍മാന്‍ തന്നെയാണ്. സ്റ്റാന്റിങ് കമ്മിറ്റികള്‍ സുഗമമായി തിരഞ്ഞെടുക്കാനാണ് ഒരു സമിതി അധ്യക്ഷസ്ഥാനം യുഡിഎഫിനു നല്‍കാമെന്ന് ധാരണയാക്കിയത്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കളുമായി നടത്തിയ ഈ ധാരണ അംഗീകരിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് കോ ണ്‍ഗ്രസ്സിലെ മറുവിഭാഗം പറയുന്നത്.
നാസര്‍ യുഡിഎഫിനോടൊപ്പം നില്‍ക്കാമെന്ന് പറയുമ്പോള്‍ അത് മുതലാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പറയുന്നു. ഇതിനിടയില്‍ കോണ്‍ഗ്രസ് എസിന് അര്‍ഹതപ്പെട്ട സ്റ്റാന്റിങ് കമ്മിറ്റി ലഭിച്ചില്ലെങ്കില്‍ തല്‍ക്കാലം ഒപ്പം നില്‍ക്കുമെന്നും വൈകാതെ സിപിഎമ്മിന്റെ വല്യേട്ടന്‍ ഭാവത്തിനെതിരേ രംഗത്തുവരുമെന്നും കോണ്‍ഗ്രസ് എസിന്റെ നേതാവ് പി എ ശശി പറഞ്ഞു.
ഇരുമുന്നണികളും നേരത്തെ നടന്ന ധാരണപ്രകാരം ഒരു സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം ലഭിച്ചാല്‍ അത് കോണ്‍ഗ്രസ്സിലെ മേരി കുര്യനായിരിക്കും. വികസനസമിതിയാണ് മേരികുര്യന് ലഭിക്കുക. സമിതിയംഗങ്ങളെയാണ് ഇന്ന് തിരഞ്ഞെടുക്കുന്നത്. ഈ സമിതികളിലേക്കുള്ള അധ്യക്ഷന്മാരെ എന്നു തിരഞ്ഞെടുക്കുമെന്ന് റിട്ടേണിങ് ഓഫിസര്‍ ഇന്ന് പ്രഖ്യാപിക്കും.
Next Story

RELATED STORIES

Share it