യുജിസി പിരിച്ചുവിടും; ന്ത്യന്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കാനൊരുങ്ങി കേന്ദ്രം

റെന്വോര്‍
ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളുടെ മേല്‍നോട്ടച്ചുമതലയുള്ള യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) പിരിച്ചുവിട്ട് പകരം ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ (എച്ച്ഇസിഐ) രൂപീകരിക്കാനുള്ള നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ (യുജിസി പിരിച്ചുവിടല്‍) നിയമം 2018ന്റെ കരടിലാണ് ഈ നിര്‍ദേശമുള്ളത്.
പുതിയ നിയമപ്രകാരം സര്‍വകലാശാലകള്‍ക്ക് ധനസഹായം നല്‍കുന്നത് നേരിട്ടു മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലേക്ക് കൊണ്ടുവരും. നിലവില്‍ യുജിസി വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കമ്മീഷന്റെ ഒരു ഇടപെടലുമുണ്ടാവില്ലെന്നും കരടു നിയമത്തില്‍ പറയുന്നു.
സര്‍വകലാശാലകളിലെ അക്കാദമിക നിലവാരം ഉയര്‍ത്തുക, കാര്യക്ഷമമാക്കുക, ഇതിനായുള്ള സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുക എന്നിവയാണ് 1956ല്‍ രൂപീകൃതമായ യുജിസിയുടെ ചുമതലകള്‍. യുജിസിയില്‍ നിന്ന് വ്യത്യസ്തമായി, സര്‍വകലാശാലകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിനുള്ള ചുമതല എച്ച്ഇസിഐക്ക് ഉണ്ടാവില്ല. ഈ ചുമതല കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നേരിട്ടു നിര്‍വഹിക്കും. അക്കാദമിക് കാര്യങ്ങള്‍ മാത്രമാവും കമ്മീഷന്റെ പരിധിയിലെന്ന് മന്ത്രാലയം വ്യക്തമാക്കി. എച്ച്ഇസിഐയില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ എന്നിവരും മറ്റ് 12 അംഗങ്ങളുമാവും ഉണ്ടാവുക. സെക്രട്ടറി തസ്തികയ്ക്കു സമാനമായ റാങ്കാണ് അധ്യക്ഷന്റേത്. സ്‌പെഷ്യല്‍ സെക്രട്ടറിക്ക് സമമാണ് ഉപാധ്യക്ഷ തസ്തിക. ഉന്നത വിദ്യാഭ്യാസ, നൈപുണി വികസന സംരംഭകത്വ മന്ത്രാലയങ്ങള്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവയിലെ സെക്രട്ടറിമാര്‍, എഐസിടിഇ, എന്‍സിടിഇ അധ്യക്ഷന്‍മാര്‍, രണ്ട് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ എന്നിവരും കമ്മീഷന്‍ അംഗങ്ങളാവും. നിയമത്തിന്റെ കരട് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്ഥാപനങ്ങളുടെ അക്കാദമിക പ്രവര്‍ത്തനം വിലയിരുത്തുക, അധ്യാപകരുടെ പരിശീലനം, വിദ്യാഭ്യാസരംഗത്ത് സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയവയും കമ്മീഷന്റെ ചുമതലകളില്‍ ഉള്‍പ്പെടുന്നു. നിലവാരമില്ലാത്ത സ്ഥാപനങ്ങളും വ്യാജ സ്ഥാപനങ്ങളും പൂട്ടാന്‍ ഉത്തരവിടുന്നതിനും അക്കാദമിക നിലവാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്ന് പിഴയീടാക്കാനും കമ്മീഷന് അധികാരമുണ്ടാവും.
കമ്മീഷന്‍ നിലവില്‍വരുന്നതോടെ യുജിസിക്ക് പുറമെ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എഐസിടിഇ), ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എന്‍സിടിഇ) എന്നിവ പിരിച്ചുവിടാനും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കും.
ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരണം, യുജിസി പിരിച്ചുവിടാനുള്ള തീരുമാനം എന്നിവ സംബന്ധിച്ച് അടുത്തമാസം ഏഴാം തിയ്യതി വരെ ജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. ൃലളീൃാീളൗഴര@ഴാമശഹ. രീാ എന്ന ഇ-മെയില്‍ വിലാസത്തില്‍ ഇതുസംബന്ധിച്ച് അഭിപ്രായം സമര്‍പ്പിക്കാം. പാര്‍ലമെന്റിലെ ഏത് നിയമപ്രകാരം രൂപീകരിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും എന്നാല്‍, ദേശീയപ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഈ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കരടില്‍ പറയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം), നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയവയാണ് ദേശീയപ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരമാണ് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കുന്നത്.
Next Story

RELATED STORIES

Share it