Flash News

യുജിസിക്ക് പകരം സംവിധാനം: ഗ്രാന്റ് വിതരണം തീരുമാനമായില്ല

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷനെ (യുജിസി) ഇല്ലാതാക്കി പകരം ഹയര്‍ എജ്യൂക്കേഷന്‍ കമ്മീഷന്‍ (എച്ച്ഇസിഐ) രൂപീകരിക്കുമ്പോ ള്‍ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് വിതരണം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നേരിട്ടു ചെയ്യണമോ എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍.
ഇതോടനുബന്ധിച്ച് അടുത്തിടെ പുറത്തിറക്കിയ കരട് നിയമത്തില്‍ ഗ്രാന്റുകളുടെ വിതരണച്ചുമതല പൂര്‍ണമായും മന്ത്രാലയത്തിനു കീഴിലാക്കണമെന്ന ശുപാര്‍ശയും ഉണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണു കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. 1956ലെ യുജിസി നിയമം റദ്ദു ചെയ്ത് എച്ച്ഇസിഐ രൂപീകരിക്കാനാണു സര്‍ക്കാര്‍ നീക്കം.
ഹയര്‍ എജ്യൂക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നിയമം 2108 (യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ നിയമം റദ്ദാക്കിക്കൊണ്ടുള്ള) എന്നാണു പുതിയ നിയമത്തിന്റെ പേര്. ഗ്രാന്റുകള്‍ വിതരണം ചെയ്യുന്നത് പൂര്‍ണമായും യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നു സര്‍ക്കാരിനു നിര്‍ബന്ധമുണ്ട്. ഓണ്‍ലൈന്‍ വഴി ഗ്രാന്റുകള്‍ക്ക് അപേക്ഷിക്കുന്നതും അനുമതി ലഭ്യമാക്കുന്നതും കൂടുതല്‍ സുതാര്യത ഉറപ്പു വരുത്തും. ഓണ്‍ലൈന്‍ സംവിധാനത്തില്‍ കൂടുതല്‍ ആളുകളുടെ ഇടപെടലുകള്‍ ഒഴിവാകുന്നതോടെ ക്രമക്കേടുകളും ഒഴിവാകും.
ഇത്രയുമല്ലാതെ ഗ്രാന്റ് വിതരണം പൂര്‍ണമായും മന്ത്രാലയത്തിന്റെ കീഴിലാക്കുന്ന വിഷയത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നുമാണു മാനവ വിഭവശേഷി മന്ത്രാലയം പറയുന്നത്. സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഗ്രാന്റ് അനുവദിക്കുന്നതു പൂര്‍ണമായും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ ആക്കാനുള്ള ശുപാര്‍ശയാണു നിലവിലെ കരട് നിയമത്തിലുള്ളത്.
ഇ-ഗവേണന്‍സ് സംവിധാനത്തില്‍ ഓണ്‍ലൈന്‍ വഴി ഹയര്‍ എജ്യൂക്കേഷന്‍ കമ്മീഷന്‍ മുഖേന അപേക്ഷിച്ചാല്‍ മാത്രമേ ഇനി ഗ്രാന്റുകള്‍ ലഭിക്കൂ. ഭൂമിയുടെ ലഭ്യത, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപകരുടെ വിശദ വിവരങ്ങള്‍, അധ്യാപന സൗകര്യങ്ങള്‍ എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമായിരിക്കണം അപേക്ഷിക്കേണ്ടത്. ഈ വിവരങ്ങള്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ പൊതു അഭിപ്രായ രൂപീകരണത്തിനായി പ്രസിദ്ധീകരിക്കും. അപേക്ഷ മാനദണ്ഡങ്ങള്‍ തെറ്റിച്ചു കൊണ്ടുള്ളതാണെങ്കില്‍ അത് തള്ളാനും ഇവര്‍ പിന്നീട് അപേക്ഷ സമര്‍പ്പിക്കുന്നതു തടയാനും കമ്മീഷന് അധികാരമുണ്ടാവും.
കരട് നിയമത്തില്‍ ജൂലൈ ഏഴിന് അഞ്ചു വരെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാമെന്നാണു മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ വിദ്യാഭ്യാസ വിദഗ്ധരോടും പൊതുജനങ്ങളോടും ആവശ്യപ്പെട്ടിട്ടുള്ളത്. ഈ നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
നിലവിലെ യുജിസിക്ക് ഗ്രാന്റുകളുടെയും മറ്റും ചുമതല ഉള്ളത് കൊണ്ട് വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം വിലയിരുത്താന്‍ കഴിയുന്നില്ലെന്നും സ്ഥാപനങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാനാവുന്നില്ലെന്നുമാണു സര്‍ക്കാര്‍ ആദ്യം വിശദീകരിച്ചിരുന്നത്.
Next Story

RELATED STORIES

Share it