World

യുഎസ് സര്‍വകലാശാലയില്‍ നിന്ന് 25 ഇന്ത്യന്‍ വിദ്യാര്‍ഥികളെ പുറത്താക്കി

വാഷിങ്ടണ്‍: യുഎസിലെ വെസ്റ്റേണ്‍ കെന്റകി യൂനിവേഴ്‌സിറ്റിയില്‍ ഒന്നാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമില്‍ പ്രവേശനം നേടിയ 25 വിദ്യാര്‍ഥികളോട് സര്‍വകലാശാല വിടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
നിലവാരം പുലര്‍ത്താത്തതിനാല്‍ ഇന്ത്യയിലേക്കു തിരിച്ചുപോയി പുനര്‍വിദ്യാഭ്യാസം നടത്താനാണു സര്‍വകലാശാല നിര്‍ദേശിച്ചത്. ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപോര്‍ട്ട് പുറത്തുവിട്ടത്.
60ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ജനുവരിയില്‍ സര്‍വകലാശാലയില്‍ പ്രവേശിച്ചത്. 40ഓളം വിദ്യാര്‍ഥികള്‍ക്കു സര്‍വകലാശാലയിലേക്കാവശ്യമായ അടിസ്ഥാന യോഗ്യതയില്ലെന്നും, 15 പേര്‍ക്കു സഹായമെന്ന നിലയിലാണു തുടരാന്‍ അനുമതി നല്‍കുന്നതെന്നും സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം ചെയര്‍മാന്‍ ജെയിംസ് ഗാരി അറിയിച്ചു.
കരിക്കുലത്തിന്റെ അടിസ്ഥാന ഭാഗമായ കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ എഴുതാന്‍ ഇവര്‍ക്കു കഴിയുന്നില്ല. അടിസ്ഥാന യോഗ്യതയില്ലാത്തവരെ തുടരാന്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.
ട്യൂഷന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കി ഇന്ത്യയില്‍ നടത്തിയ സ്‌പോട്ട് അഡ്മിഷനിലൂടെയാണ് വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് പ്രോഗ്രാമില്‍ നിന്ന് ഇന്ത്യയെ താല്‍ക്കാലികമായി മാറ്റിനിര്‍ത്തുകയാണെന്നും സര്‍വകലാശാല അറിയിച്ചു.
Next Story

RELATED STORIES

Share it