Flash News

യുഎസ് സമ്മര്‍ദം: ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ചേക്കും

ന്യൂഡല്‍ഹി: യുഎസ് സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ചേക്കും. ഇറാനില്‍നിന്നുള്ള ഇറക്കുമതി നവംബര്‍ നാലിനകം നിര്‍ത്തലാക്കണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. നവംബറോടു കൂടി ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കുകയോ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്യണമെന്ന് പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടു. യുഎസിന്റെ സമ്മര്‍ദമല്ല, യുഎന്‍ ചുമത്തിയ ഉപരോധപ്രകാരമാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം.
ഇറാനില്‍ നിന്നുള്ള ഇറക്കുമതിക്ക് ബദല്‍ രൂപരേഖയുണ്ടാക്കാന്‍ എണ്ണക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇന്ത്യ ഒട്ടേറെ രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും ഇറാന്‍ വിഷയത്തില്‍ രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനം ഉടന്‍ ഉണ്ടാവുമെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു.
ഇറാനില്‍നിന്നുള്ള ഇറക്കുമതി നിര്‍ത്തിയാല്‍ എണ്ണയുടെ ദൗര്‍ലഭ്യമുണ്ടാവില്ല. എന്നാല്‍, ഇറാനുമായുള്ള ഇടപാടാണ് ഏറ്റവും മെച്ചമുള്ളതെന്ന് പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ പടിഞ്ഞാറന്‍തീരത്തോട് ഏറ്റവും അടുത്ത എണ്ണ കയറ്റുമതിരാജ്യമെന്ന നിലയില്‍ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി താരതമ്യേന ചെലവ് കുറഞ്ഞതാണ്. ഇറാനില്‍നിന്നുള്ള ഇറക്കുമതി കുറച്ചാല്‍ ഇറാഖ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടിവരും.
Next Story

RELATED STORIES

Share it