യുഎസ് വ്യോമാക്രമണത്തില്‍ ലിബിയയില്‍ 41 മരണം; ആക്രമണം ഐഎസ് കേന്ദ്രത്തിലെന്ന് യുഎസ്‌

ട്രിപ്പോളി: പശ്ചിമ ലിബിയയിലെ സബ്രാത്ത നഗരത്തില്‍ യുഎസ് പോര്‍വിമാനങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ 41 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. ഐഎസ് പരിശീലന ക്യാംപിലാണ് ആക്രമണം നടത്തിയതെന്നു യുഎസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. മിസൈല്‍ ആക്രമണത്തില്‍ സംഘത്തിന്റെ മുതിര്‍ന്ന തുണീസ്യന്‍ നേതാവ് നൂറുദ്ധീന്‍ ചൗചേനി കൊല്ലപ്പെട്ടതായി കരുതുന്നതായും യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം 30 ബ്രിട്ടിഷുകാര്‍ കൊല്ലപ്പെട്ട തുണീസ്യയിലെ ഇരട്ട ആക്രമണങ്ങളില്‍ നൂറുദ്ധീന്‍ ചൗചേനിക്ക് പങ്കുണ്ടെന്നാണ് യുഎസ് ഭാഷ്യം. കഴിഞ്ഞ വര്‍ഷം മുതല്‍ ലിബിയയില്‍ വേരുറപ്പിച്ചുവരുന്ന ഐഎസിന് ഇവിടെ ആറായിരം അംഗങ്ങളുണ്ടെന്നാണ് യുഎസ് അനുമാനം. ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ വധത്തെ തുടര്‍ന്ന് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ രാജ്യത്ത് സ്വയം പ്രഖ്യാപിത ഐഎസ് ഉള്‍പ്പെടെ നിരവധി സായുധസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. വ്യോമാക്രമണത്തില്‍ കെട്ടിടം തകര്‍ന്നു 41 പേര്‍ കൊല്ലപ്പെട്ടതായി സബ്രാത്ത മേയര്‍ വ്യക്തമാക്കി.
കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സാധാരണക്കാരായ തുണീസ്യക്കാരാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലിബിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണം തുടരുമെന്നു കഴിഞ്ഞയാഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ വ്യക്തമാക്കിയിരുന്നു. നവംബറില്‍ ദേര്‍നയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസിന്റെ ലിബിയന്‍ പരമോന്നത നേതാവും ഇറാഖിയുമായ കമാന്‍ഡര്‍ അബു നബീല്‍ എന്നറിയപ്പെടുന്ന വിസാം നജീം അബ്ദു സൈദ് അല്‍ സുബൈദി കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.
Next Story

RELATED STORIES

Share it