World

യുഎസ് വിസയ്ക്കായി സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങളും നല്‍കണം

വാഷിങ്ടണ്‍: വിസ ലഭിക്കുന്നതിനുള്ള ചട്ടങ്ങള്‍ യുഎസ് ശക്തമാക്കുന്നു. വിസാ അപേക്ഷയോടൊപ്പം വ്യക്തിയുടെ സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങളും നേരത്തേ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍ എന്നിവയും വ്യക്തമാക്കണമെന്നാണ് നിര്‍ദേശം. കുടിയേറ്റ, കുടിയേറ്റ ഇതര വിസ പ്രകാരം യുഎസിലെത്തുന്ന എല്ലാവര്‍ക്കും പുതിയ ചട്ടങ്ങള്‍ ബാധകമാണ്. ഈ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള പുതിയ വിസാ ഫോറം ഫെഡറല്‍ രജിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിര്‍ദേശം നടപ്പാക്കുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി 60 ദിവസം അനുവദിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ഈ നിര്‍ദേശം സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നയതന്ത്ര, ഔദ്യോഗിക വിസകളെ പുതിയ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.അഞ്ചു വര്‍ഷത്തിനിടെ ഉപയോഗിച്ച ഇ-മെയില്‍ വിലാസങ്ങളുടെയും ഫോണ്‍ നമ്പറുകളുടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെയും വിവരങ്ങളാണ് അപേക്ഷകര്‍ നല്‍കേണ്ടത്. അപേക്ഷകരുടെ സാമൂഹിക പശ്ചാത്തലം മനസ്സിലാക്കി രാജ്യത്തിന് ഭീഷണിയാവുന്നവരെ തടയുകയാണ് ലക്ഷ്യമെന്നു ഫെഡറല്‍ രജിസ്‌ട്രേഷന്‍ വിഭാഗം വ്യക്തമാക്കി.
വിസാ അപേക്ഷകന്‍ നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങളും സമര്‍പ്പിക്കണം. ഏതെങ്കിലും രാജ്യത്തു നിന്നു നാടു കടത്തപ്പെടുകയോ മറ്റു ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുകയോ ചെയ്തിട്ടുണ്ടോ എന്നും വ്യക്തമാക്കണം. കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി നേരിട്ടിട്ടുണ്ടോ എന്ന ചോദ്യവും അപേക്ഷാ ഫോറത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it