World

യുഎസ് വിമാനവാഹിനിക്കപ്പല്‍ വീണ്ടും വിയറ്റ്‌നാം തുറമുഖത്ത്

ഹാനോയി: വിയറ്റ്‌നാം യുദ്ധത്തില്‍ പരാജയപ്പെട്ടു പിന്‍വാങ്ങിയ ശേഷം ആദ്യമായി അമേരിക്കയുടെ വിമാനവാഹിനിക്കപ്പല്‍ വീണ്ടും വിയറ്റ്‌നാമിലെ തുറമുഖത്ത് നങ്കൂരമിട്ടു. കാള്‍ വിന്‍സണ്‍ എന്ന വിമാനവാഹിനിക്കപ്പലാണ് ദനാങ് തുറമുഖത്ത് തിങ്കളാഴ്ച നങ്കുരമിട്ടത്. യുദ്ധസമയത്ത് യുഎസിന്റെ യുദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടതും ദനാങിലായിരുന്നു.
ദക്ഷിണ ചൈനാ കടല്‍ വിഷയത്തില്‍ ചൈനയ്‌ക്കെതിരേ നേര്‍ക്കുനേര്‍ നിലപാടെടുക്കുന്ന വിയറ്റ്‌നാമിനു സൈനിക പിന്തുണ നല്‍കുന്നതിനായാണ് യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് കാള്‍ വിന്‍സന്റെ വരവെന്നാണ് വിലയിരുത്തല്‍. നാലു ദിവസമാണ് കാള്‍ വിന്‍സണ്‍ വിയറ്റ്‌നാം തീരത്തുണ്ടാവുക. ഈ സമയത്ത് കപ്പല്‍ ജീവനക്കാര്‍ അനാഥാലയങ്ങളും ഏജന്റ് ഓറഞ്ച് (യുദ്ധവേളയില്‍ അമേരിക്ക വിയറ്റ്‌നാമിനെതിരേ പ്രയോഗിച്ച രാസായുധം) ബാധിതരെയും സന്ദര്‍ശിക്കും. സന്ദര്‍ശനത്തില്‍ യുഎസ് നാവികരും പ്രാദേശിക ടീമുകളുമായി ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള യുഎസ്എസ് കാള്‍ വിന്‍സണില്‍ നാവികരും പൈലറ്റുമാരും ജീവനക്കാരുമായി 5,300 പേരുണ്ട്.
കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഒരു അമേരിക്കന്‍ കപ്പല്‍ പോലും വിയറ്റ്‌നാം തീരത്ത് നങ്കൂരമിട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്നത്തേത് ചരിത്രപരമായ വലിയ ചുവടുവയ്പാണെന്ന് കാള്‍ വിന്‍സണിലെ റിയര്‍ അഡ്മിറല്‍ ജോണ്‍ വി ഫുള്ളര്‍ പറഞ്ഞു. 1975ലാണ് വിയറ്റ്‌നാമില്‍ നിന്ന് അമേരിക്കയുടെ അവസാന ട്രൂപ്പും പിന്‍വാങ്ങിയത്. മേഖലയില്‍ സമാധാനവും സ്ഥിരതയും സുരക്ഷയും സഹകരണവും നിലനിര്‍ത്താനും വികസനം നടപ്പാക്കാനും ഈ സന്ദര്‍ശനം ഉപകരിക്കുമെന്നു വിയറ്റ്‌നാം വിദേശകാര്യ വക്താവ് ലി തി തു ഹാങ് അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it