Flash News

യുഎസ് മെട്രോ ട്രെയിനിലെ ആക്രമണം : മെഷെയ്ക്ക് വീരോചിത യാത്രയയപ്പ്‌



വാഷിങ്ടണ്‍: യുഎസില്‍ മെട്രോ ട്രെയിന്‍ യാത്രയ്ക്കിടെ മുസ്‌ലിം യുവതികള്‍ക്കെതിരായ വംശീയാക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റു മരിച്ച തന്റെ മകന്‍ താലിസിന്‍ മിര്‍ഡിന്‍ നമാക്കി മെഷെ വീരനാണെന്നു മാതാവ്. മരണാനന്തരവും അവന്‍ നായകനായി തുടരുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പോര്‍ട്ട്‌ലാന്റ് ഒറിഗണിലാണ് മെഷെ കുത്തേറ്റു മരിച്ചത്. മകന്റെ സംസ്‌കാരച്ചടങ്ങിനിടെയായിരുന്നു അവരുടെ പ്രതികരണം.53കാരനായ മുന്‍ സൈനികോദ്യോഗസ്ഥന്‍ റിക്കി ജോണാണ് അക്രമിയുടെ കുത്തേറ്റു മരിച്ച മറ്റൊരാള്‍. നാലു കുട്ടികളുടെ പിതാവായ ഇദ്ദേഹം 23 വര്‍ഷത്തെ സൈനികസേവനത്തിനുശേഷം സര്‍വീസില്‍നിന്നു വിരമിച്ചയാളാണ്. പരിക്കേറ്റ മറ്റൊരാള്‍ ചികില്‍സയിലാണ്.ആക്രമണം നടത്തിയ വംശീയവാദി ജെര്‍മി ജോസഫ് ക്രിസ്ത്യനെ പോലിസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്കെതിരേ കൊലപാതകം, കൊലപാതകശ്രമം, ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം ട്രെയിനില്‍ നടന്ന അനിഷ്ടസംഭവം വംശീയവിദ്വേഷം മൂലം ഉണ്ടായ കുറ്റകൃത്യമാണെന്ന് എഫ്ബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് ആക്രമണം. അതേസമയം, പ്രതിയുടെ വിശദാംശങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല.
Next Story

RELATED STORIES

Share it