യുഎസ് മുസ്‌ലിം സമ്മേളനത്തില്‍ആയിരങ്ങളുടെ പങ്കാളിത്തം

ബാള്‍ട്ടിമോര്‍(യുഎസ്): യുഎസിലെ ഏറ്റവും വലിയ മുസ്‌ലിം സമ്മേളനങ്ങളിലൊന്നായ 41ാമത് ഇസ്‌ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക(ഐസിഎന്‍എ)- മുസ്‌ലിം അമേരിക്കന്‍ സൊസൈറ്റി (എംഎഎസ്) കണ്‍വെന്‍ഷന്‍ ഇന്നവസാനിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 26,000ത്തോളം മുസ് ലിംകളാണ് കഴിഞ്ഞ രണ്ടു ദിവസമായി യുഎസിലെ ബാള്‍ട്ടിമാറില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത്. ഇത്തവണത്തെ സമ്മേളന പ്രാതിനിധ്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍് മുപ്പതുശതമാനം വര്‍ധനവുണ്ടായതായി ബാള്‍ട്ടിമോര്‍ സണ്‍ റിപോര്‍ട്ട് ചെയ്തു. ഈ വര്‍ഷം വിശുദ്ധ ഖുര്‍ആന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണു സമ്മേളനം പ്രാധാന്യം നല്‍കിയതെന്ന് ഐസിഎന്‍എ പ്രസിഡന്റ് നയീം ബെയ്ഗ് പറഞ്ഞു. യുഎസിലെ മുഖ്യധാരാ മാധ്യമങ്ങളും ചില രാഷ്ട്രീയ നേതാക്കളും ഇസ്‌ലാംമതത്തെ തെറ്റായി ചിത്രീകരിക്കുകയാണ്. മതത്തെക്കുറിച്ചുള്ള തെറ്റായ വ്യാഖ്യാനങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണം നടത്തി വിശുദ്ധ ഗ്രന്ഥത്തിന്റെ യഥാര്‍ഥ സത്തസംബന്ധിച്ച് പര്യവേഷണം നടത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് സമ്മേളനം പ്രാധാന്യം നല്‍കിയത്്്. തങ്ങളുടെ വിശ്വാസത്തെക്കുറിച്ചും സത്വത്തെക്കുറിച്ചും അല്ലാഹുവിന്റെ ഗ്രന്ഥത്തെക്കുറിച്ചുമെല്ലാം സംസാരിക്കുക എന്നത് മുസ്‌ലിം അമേരിക്കന്‍ എന്ന നിലയിലുള്ള കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാംഭീതിക്കെതിരേ യുഎസിലെ മുസ്‌ലിംകള്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിതെന്ന് കൗണ്‍സില്‍ ഓഫ് മുസ്‌ലിം ഓര്‍ഗനൈസേഷന്‍സ് സെക്രട്ടറി ജനറല്‍ ഉസാമ ജമാല്‍ പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം തവണയാണ് സമ്മേളനം ബാള്‍ട്ടിമോറില്‍ നടക്കുന്നത്.
Next Story

RELATED STORIES

Share it