World

യുഎസ്: ബ്രറ്റ് കാവനയെ പിന്തുണച്ച് റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍

വാഷിങ്ടണ്‍: യുഎസ് സുപ്രിംകോടതിയിലേക്കു ട്രംപ് നാമനിര്‍ദേശം ചെയ്ത ബ്രറ്റ് കാവനയ്‌ക്കെതിരായ ആരോപണങ്ങളില്‍ തെളിവുകള്‍ കണ്ടെത്തുന്നതില്‍ എഫ്ബിഐ അന്വേഷണം പരാജയപ്പെട്ടെന്നു റിപബ്ലിക്കന്‍ പാര്‍ട്ടി.
ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാവനയ്‌ക്കെതിരേ എഫ്ബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞദിവസം എഫ്ബിഐ റിപോര്‍ട്ട് സെനറ്റ് കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്തു. റിപോര്‍ട്ടില്‍ കാവന ലൈംഗികാതിക്രമം നടത്തിയെന്നതിനു തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു റിപബ്ലിക്കന്‍ പാര്‍ട്ടി പറയുന്നു. അതേസമയം കാവനയുടെ സുപ്രിംകോടതിയിലേക്കുള്ള നിയമനത്തിനുള്ള തടസ്സങ്ങള്‍ നീങ്ങിയതായാണു വിലയിരുത്തുന്നത്.
ഈ ശനിയാഴ്ച സുപ്രിംകോടതിയിലേക്കു വീണ്ടും വോട്ടെടുപ്പ് നടക്കുമെന്നാണു വിവരം. തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര അംഗങ്ങളായ മരീനയിലെ റിപബ്ലിക്കന്‍ അംഗം സൂസന്‍ കോളിന്‍സ്, വെസ്റ്റ് വെര്‍ജീനിയയിലെ ഡെമോക്രാറ്റ് അംഗം ജോയ് മാന്‍ചിന്‍ എന്നിവരുടെ വോട്ടുകളാണ് നിര്‍ണായകം. 100 അംഗ ചേംബറില്‍ 51 വോട്ടുകളാണു കാവനയ്ക്കു ലഭിക്കേണ്ടത്. തീവ്ര യാഥാസ്ഥിതിക ചിന്താഗതിക്കാരനായ കാവന യുഎസ് സുപ്രിംകോടതിയിലേക്ക് എത്തുന്നതില്‍ പുരോഗമനവാദികള്‍ക്കു യോജിപ്പില്ല. ഗര്‍ഭഛിദ്രം, കുടിയേറ്റം, വ്യവസായ നിയന്ത്രണം, പ്രസിഡന്റിന്റെ അധികാരം, ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശം എന്നീ വിഷയങ്ങളില്‍ ഭാവിയില്‍ വലിയൊരു നിയമയുദ്ധത്തിനു വേദിയാവുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഡോ. ക്രിസ്റ്റീന ബ്ലസി ഫോര്‍ഡ് ആണു കാവനയ്‌ക്കെതിരേ പീഡനാരോപണം ഉന്നയിച്ചു രംഗത്തെത്തിയത്. കൗമാരപ്രായത്തില്‍ കാവന ബലാല്‍സംഗം ചെയ്തതായാണ് ആരോപണം. തുടര്‍ന്നു സെനറ്റ് കമ്മിറ്റി ക്രസ്റ്റീനയുടെ വാദം കേട്ടിരുന്നു. ബ്രറ്റ് കാവനയും സെനറ്റ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കി. ആരോപണങ്ങള്‍ സെനറ്റ് കമ്മിറ്റിക്ക് മുമ്പില്‍ കാവന നിഷേധിച്ചു. ഇരുവരും തങ്ങളുടെ മൊഴികളില്‍ ഉറച്ചുനിന്നതോടെ സുപ്രിംകോടതിയിലേക്കുള്ള വോട്ടെടുപ്പ് നീട്ടിവയ്ക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it