Flash News

യുഎസ് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധം പരീക്ഷിച്ചു



വാഷിങ്ടണ്‍: മിസൈല്‍ പരീക്ഷണങ്ങളിലൂടെ വിറപ്പിക്കുന്ന ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി യുഎസ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം പരീക്ഷിച്ചു. കാലഫോര്‍ണിയയിലെ വ്യോമതാവളത്തില്‍നിന്നു വിക്ഷേപിച്ച ഭൂതല വ്യോമ മധ്യദൂര മിസൈല്‍ ആകാശത്തെ ലക്ഷ്യം തകര്‍ത്തു. ഉത്തര കൊറിയക്കും മിസൈല്‍ ശേഷി വര്‍ധിപ്പിക്കുന്ന ഇറാനുമുള്ള മറുപടിയാണ് പരീക്ഷണമെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. സങ്കീര്‍ണമായ ബാ ലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം യുഎസ് നേരത്തേ പരീക്ഷിച്ചിരുന്നു. 1999ന് ശേഷം 17 തവണയാണ് യുഎസ് ഈ സംവിധാനം പരീക്ഷിച്ചത്. പക്ഷേ, ഇതുവരെ ഒമ്പതു തവണ മാത്രമേ വിജയിച്ചിട്ടുള്ളൂ. പരിഷ്‌കരിച്ച പതിപ്പിന്റെ പരീക്ഷണ വിജയം ഉത്തര കൊറിയക്കുള്ള മുന്നറിയിപ്പാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. ഉത്തര കൊറിയ കഴിഞ്ഞയാഴ്ച പരീക്ഷിച്ച മിസൈല്‍ പോലും പ്രതിരോധിക്കാന്‍ യുഎസിന്റെ പുതിയ മിസൈലിന് സാധിക്കും. ഇരുരാജ്യങ്ങളും പരസ്പരം ആയുധങ്ങള്‍ നിര്‍മിക്കുന്നത് മേഖലയെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഉത്തര കൊറിയയുടെ ആണവാക്രമണ ഭീഷണിയെ നേരിടാവുന്ന തരത്തിലാണു പ്രതിരോധ മിസൈല്‍ വികസിപ്പിച്ചിട്ടുള്ളത്. കരയില്‍നിന്നു തൊടുക്കാവുന്നതും ശേഷി കൂടിയതുമായ ഭൂഖണ്ഡാന്തര മിസൈല്‍ പ്രതിരോധമാണിത്. ഭൂഖണ്ഡാന്തര മിസൈലുകളെക്കാള്‍ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ഇവയ്ക്കു ശേഷിയുണ്ടെന്ന് മിസൈല്‍ ഡിഫന്‍സ് ഏജന്‍സി വക്താവ് ക്രിസ്റ്റഫര്‍ ജോണ്‍സണ്‍ പറഞ്ഞു. ജപ്പാനെയും യുഎസ് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്ന മധ്യദൂര മിസൈലുകള്‍ വലിയ തോതില്‍ നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്യുമെന്ന ഉത്തര കൊറിയയുടെ ഭീഷണിയെ തുടര്‍ന്നാണു പെന്റഗണിന്റെ നീക്കം.
Next Story

RELATED STORIES

Share it