യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയം: റിപബ്ലിക്കന്‍ നിരയില്‍ പിടിമുറുക്കി ട്രംപ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനു വേണ്ടിയുള്ള റിപബ്ലിക്കന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മൂന്നു സംസ്ഥാനങ്ങളില്‍ കൂടി ഡൊണാള്‍ഡ് ട്രംപിന് വിജയം. മിഷിഗണ്‍, മിസിസിപ്പി, ഹവായ് എന്നിവിടങ്ങളിലെ പ്രൈമറികളിലാണ് ട്രംപ് ജയിച്ചു കയറിയത്. അതേസമയം, ഐഡഹോ പ്രൈമറി ടെഡ് ക്രൂസ് നേടി. െഡമോക്രാറ്റിക് തിരഞ്ഞെടുപ്പില്‍ മിഷിഗണില്‍ ബെര്‍ണി സാന്റേഴ്‌സ് ആശ്ചര്യപ്പെടുത്തുന്ന വിജയം നേടി. അതേസമയം, മിസിസിപ്പിയിലെ വമ്പന്‍ ജയത്തോടെ ഹിലരി ക്ലിന്റന്‍ മൊത്തത്തിലുള്ള ലീഡ് നില വര്‍ധിപ്പിച്ചു.
മിസിസിപ്പിയില്‍ ഹിലരി 83 ശതമാനവും ട്രംപ് 47 ശതമാനവും വോട്ടുകള്‍ നേടി. മിഷിഗണില്‍ സാന്‍ഡേഴ്‌സ് 50 ശതമാനവും ട്രംപ് 37 ശതമാനവും വോട്ടുകള്‍ കരസ്ഥമാക്കി. 45 ശതമാനം വോട്ടാണ് ഐഡഹോ റിപബ്ലിക്കന്‍ പ്രൈമറിയില്‍ ടെഡ് ക്രൂസ് നേടിയത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ഒന്നാംഘട്ടം സമാപ്തിയിലേക്ക് അടുക്കുമ്പോള്‍ ഡെമോക്രാറ്റിക് നിരയില്‍ മൊത്തം പ്രതിനിധികളുടെ എണ്ണത്തില്‍ സാന്‍ഡേഴ്‌സിനേക്കാള്‍ ഏറെ മുമ്പിലാണ് ഹിലരി. ഹിലരിക്ക് 1130ഉം സാന്‍ഡേഴ്‌സിന് 499 പ്രതിനിധികളുടെയും പിന്തുണയുണ്ട്. റിപബ്ലിക്കന്‍ നിരയില്‍ ട്രംപിന് 384ഉം ക്രൂസിന് 300ഉം റൂബിയോക്ക് 151ഉം പ്രതിനിധികളുടെ പിന്തുണയുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിന് 2383 പ്രതിനിധികളുടെയും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് 1237 പ്രതിനിധികളുടെയും പിന്തുണയാണ് വേണ്ടത്.
യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ഒന്നാംഘട്ടം ജൂണ്‍ 14ന് പൂര്‍ത്തിയാവും.
Next Story

RELATED STORIES

Share it