യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയം: 'സൂപ്പര്‍ ശനി'യില്‍ കാലിടറി ഹിലരിയും ട്രംപും

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയ തിരഞ്ഞെടുപ്പിന്റെ 'സൂപ്പര്‍ ശനി'യിലെ വോട്ടെടുപ്പില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റനും റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപിനും കാലിടറി. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ മൂന്ന് പ്രൈമറികളില്‍ രണ്ടിടത്ത് ബേണി സാന്‍ഡേഴ്‌സ് ജയിച്ചു കയറിയപ്പോള്‍ ഒരിടത്ത് മാത്രമാണ് ഹിലരി ക്ലിന്റന് വിജയം ഉറപ്പിക്കാന്‍ സാധിച്ചത്. കന്‍സാസ്, നെബ്രാസ്‌ക പ്രൈമറികള്‍ ബേണി സാന്‍ഡേഴ്‌സിനെ പിന്തുണച്ചപ്പോള്‍ ലൂ—സിയാന പ്രൈമറിയില്‍ മാത്രമാണ് ഹിലരിക്ക് (71.1 ശതമാനം) ഒന്നാമതെത്താനായത്. കന്‍സാസില്‍ 67.7 ശതമാനവും നെബ്രാസ്‌കയില്‍ 56.6 ശതമാനവും വോട്ടുകളാണ് സാന്‍ഡേഴ്‌സ് നേടിയത്.
റിപബ്ലിക്കന്‍ പാര്‍ട്ടി നടത്തിയ നാലു പ്രൈമറികള്‍ രണ്ടു വീതം ഡൊണാള്‍ഡ് ട്രംപും ടെഡ് ക്രൂസും പങ്കുവച്ചു. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കന്‍സാസ് (48.2 ശതമാനം), മെയ്ന്‍ (45.9 ശതമാനം) പ്രൈമറികളില്‍ ട്രംപിനെ ടെഡ് ക്രൂസ് പിന്നിലാക്കി.
അതേസമയം, ലൂസിയാനയിലും കെന്റകിയിലും യഥാക്രമം 41.4 ശതമാനം, 35.9 ശതമാനം വോട്ട് നേടി ട്രംപ് വിജയിച്ചു. മാര്‍ച്ച് ഒന്നിന് 12 സ്‌റ്റേറ്റുകളിലായി നടന്ന സൂപ്പര്‍ ചൊവ്വയില്‍ ഹിലരി വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു. സൂപ്പര്‍ ചൊവ്വയില്‍ ഹിലരി മൂന്നിടത്തും എതിരാളിയായ സാന്‍ഡേഴ്‌സ് രണ്ടിടത്തുമാണ് ജയിച്ചത്.
സൂപ്പര്‍ ശനിയിലെ രണ്ടിടങ്ങളിലെ ക്രൂസിന്റെ ജയം ട്രംപിനു കനത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. മെയ്‌നില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോക്കസും പ്യൂര്‍ട്ടോറിക്കോയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറിയും നടക്കുന്നുണ്ട്.
അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയ മല്‍സരങ്ങളില്‍ റിപബ്ലിക്കന്‍ നിരയില്‍ പിന്‍നിരയിലുള്ള സ്ഥാനാര്‍ഥികള്‍ പിന്‍മാറണമെന്നു മുന്‍നിരയിലുള്ള ട്രംപ് ആവശ്യപ്പെട്ടു. ടെഡ് ക്രൂസിനെതിരേ നേരിട്ട് ഏറ്റുമുട്ടാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it