യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള രണ്ടാംഘട്ടം; ന്യൂഹാംഷയറില്‍ ട്രംപിനും സാന്‍ഡേഴ്‌സിനും നേട്ടം

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനായി ന്യൂഹാംഷയറില്‍ നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപിനും(69) ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ബെര്‍ണി സാന്‍ഡേഴ്‌സിനും (74) വിജയം.
തൊട്ടുപിറകിലുള്ളയാളേക്കാള്‍ രണ്ടു മടങ്ങിലധികം വോട്ടുകളാണ് ശതകോടീശ്വരനായ ട്രംപ് നേടിയത്. റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഒഹായോ ഗവര്‍ണര്‍ ചോണ്‍ കാസിച്ച് രണ്ടാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തിനായി ഫ്‌ളോറിഡ സെനറ്റര്‍ മാക്രോ റുബിയോ, മുന്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ ജെബ് ബുഷ് എന്നിവരോടാണ് കാസിച്ച് മല്‍സരിച്ചത്. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന അയോവയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റണും റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ടെഡ് ക്രൂസിനുമായിരുന്നു നേട്ടം. താന്‍ അധികാരത്തിലെത്തിയാല്‍ യുഎസിലുള്ള ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെ നാടുകടത്തുമെന്നും മുസ്‌ലിംകള്‍ രാജ്യത്തു പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തുമെന്നും മെക്‌സിക്കോയുമായുള്ള അതിര്‍ത്തിയില്‍ വലിയ മതില്‍ കെട്ടുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ട്രംപിന്റെ ഈ പ്രസ്താവനകള്‍ രാജ്യത്തിനകത്തും പുറത്തും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ഹിലരി ക്ലിന്റണേക്കാള്‍ ഇടതുപക്ഷത്ത് നില്‍ക്കുന്ന സാന്‍ഡേഴ്‌സ് 20 ശതമാനം അധികം പോയിന്റുകള്‍ നേടി. സാമ്പത്തിക അസമത്വം അവസാനിപ്പിക്കുമെന്നും സൗജന്യമായി സര്‍വകലാശാലാ വിദ്യാഭ്യാസം നല്‍കുമെന്നുമാണ് സാന്‍ഡേഴ്‌സിന്റെ വാഗ്ദാനം. സാന്‍ഡേഴ്‌സിന് അനുമോദനമറിയിച്ച ക്ലിന്റണ്‍ മല്‍സരത്തില്‍ പോരാട്ടം തുടരുമെന്ന് അറിയിച്ചു.
അതേസമയം, ഈ വിജയം അന്തിമമല്ലെന്നും വോട്ടെടുപ്പുകളില്‍ ഇനിയും അട്ടിമറികള്‍ നടന്നേക്കാമെന്നുമാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നിലവിലെ പ്രസിഡന്റ് ബറാക് ഒബാമയും മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യൂ ബുഷും ബില്‍ ക്ലിന്റണും ന്യൂഹാംഷയര്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ടിരുന്നവരാണ്.
Next Story

RELATED STORIES

Share it