യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള ആദ്യഘട്ടം; അയോവയില്‍ ക്രൂസിനും ഹിലരിക്കും മുന്‍തൂക്കം

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള ആദ്യവോട്ടെടുപ്പ് നടന്ന അയോവയില്‍, റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഡൊണാള്‍ഡ് ട്രംപിനെതിരേ ടെക്‌സാസ് സെനറ്റര്‍ ടെഡ് ക്രൂസിനു നേട്ടം.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ആദ്യഘട്ടത്തില്‍ യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ വെര്‍മോണ്ട് സെനറ്റര്‍ ബെര്‍നി സാന്‍ഡേഴ്‌സിനെതിരേ വിജയം കൈവരിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
28 ശതമാനം വോട്ടുകളാണ് ക്രൂസ് നേടിയത്. അതേസമയം, ട്രംപിന് 24 ശതമാനം വോട്ടുകള്‍ ലഭിച്ചു. മൂന്നാം സ്ഥാനത്ത് ഫ്‌ളോറിഡ സെനറ്റര്‍ മക്രോ റുബിയോ ആണ്.
പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായി 23 ശതമാനം വോട്ടുകളാണ് റുബിയോയ്ക്കു നേടാനായത്. ദ്വിപാര്‍ട്ടി സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് ഡെമോക്രാറ്റ്, റിപബ്ലിക്കന്‍ പാര്‍ട്ടികള്‍ തമ്മില്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കും. സ്‌കൂളുകളും പള്ളികളും വീടുകളും ഉള്‍പ്പെടെ 1774 പോളിങ് കേന്ദ്രങ്ങളാണ് അയോവ വോട്ടെടുപ്പിനായി ഒരുക്കിയത്.
തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും വ്യത്യസ്തരീതികളാണ് സ്വീകരിക്കുക. റിപബ്ലിക്കന്‍ പാര്‍ട്ടി ബാലറ്റിലൂടെയാണ് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടി സംവാദത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അയോവയിലെ വിധി പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കാറുണ്ട്.
Next Story

RELATED STORIES

Share it