Flash News

യുഎസ്: പ്രവേശന വിലക്ക് പ്രാബല്യത്തില്‍



വാഷിങ്ടണ്‍: ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎസില്‍ ട്രംപ് നടപ്പാക്കിയ പ്രവേശന വിലക്ക് നിലവില്‍വന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് കഴിഞ്ഞ ദിവസം സുപ്രിംകോടതി താല്‍ക്കാലിക അംഗീകാരം നല്‍കിയതോടെയാണ് നിരോധനം നിലവില്‍വന്നത്. ഇതോടെ പട്ടികയില്‍ പറഞ്ഞ ആറുരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ഥികള്‍ക്കുമുള്ള വിസാ നടപടികള്‍ കൂടുതല്‍ കര്‍ശനമാവും. പുതിയ മാര്‍ഗനിര്‍ദേശപ്രകാരം പ്രവേശന വിലക്കേര്‍പ്പെടുത്തപ്പെട്ട സിറിയ, സുദാന്‍, സോമാലിയ, ഇറാന്‍, യമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അവരുടെ അടുത്ത ബന്ധുക്കള്‍ യുഎസിലുണ്ടെങ്കില്‍ മാത്രമേ വിസാ അപേക്ഷ നല്‍കാനാവു. രക്ഷിതാക്കള്‍, ജീവിതപങ്കാളി, മക്കള്‍, മരുമക്കള്‍ എന്നിവരെയാണ് ഇത്തരത്തില്‍ അടുത്ത ബന്ധുക്കളായി കണക്കാക്കുന്നതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. നിര്‍ദേശങ്ങള്‍ ഇതിനോടകം എല്ലാ യുഎസ് എംബസികള്‍ക്കും നല്‍കിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ അഭയാര്‍ഥികള്‍ക്കും ബാധകമാണ്. എന്നാല്‍, നവജാത ശിശുക്കള്‍ക്കും അടിയന്തര വൈദ്യപരിഗണന വേണ്ടവര്‍ക്കും നിര്‍ദേശങ്ങളില്‍ ഇളവുകളുണ്ട്. എന്നാല്‍, വാര്‍ത്തകളോട് യുഎസ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. പ്രവേശന വിലക്ക് അന്താരാഷ്ട്ര സമയം ഇന്ന് പന്ത്രണ്ടോടെയാണ് നിലവില്‍വരുന്നത്. ഈ വര്‍ഷം മാര്‍ച്ച് ആറിനായിരുന്നു മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസ് സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ വിവാദ ഉത്തരവ് പുറത്തുവന്നത്. സുരക്ഷയുടെ ഭാഗമായാണ് തീരുമാനമെന്നായിരുന്നു ട്രംപിന്റെ വിശദീകരണം. ഭീകരാക്രമണങ്ങള്‍ തടയാന്‍ ഈ നിയമം ആവശ്യമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.  തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ട്രംപിന്റെ ഉത്തരവ് നേരത്തേ ചില കീഴ്‌ക്കോടതികള്‍ റദ്ദാക്കിയിരുന്നു. രാജ്യത്തെ കുടിയേറ്റ നിയമത്തിനെതിരാണെന്നും മുസ്‌ലിംകള്‍ക്കെതിരായ വംശീയ നീക്കമാണെന്നും വ്യക്തമാക്കിയായിരുന്നു കോടതികള്‍ യാത്രാവിലക്ക് ഉത്തരവ് റദ്ദാക്കിയത്. ഒക്ടോബറിനു ശേഷമാരംഭിക്കുന്ന വിശദമായ വാദംകേള്‍ക്കല്‍ പൂര്‍ത്തിയായ ശേഷമാവും കേസില്‍ സുപ്രിംകോടതിയുടെ അന്തിമ ഉത്തരവ്.
Next Story

RELATED STORIES

Share it