Flash News

യുഎസ് പിന്‍വാങ്ങിയാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്നു റൂഹാനി

തെഹ്‌റാന്‍: ആണവക്കരാറില്‍ തുടരണമെന്നും കരാറില്‍ നിന്നു പിന്‍വാങ്ങിയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ മുന്നറിയിപ്പ്. കരാര്‍ പ്രകാരമുള്ള ഉറപ്പുകള്‍ വൈറ്റ് ഹൗസ് ലംഘിച്ചാല്‍ ഇറാന്‍ സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കുമെന്നും റൂഹാനി വ്യക്തമാക്കി.
2015ലാണ് ഇറാനും യുഎസ്, ചൈന, റഷ്യ, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ആണവക്കരാറില്‍ ഒപ്പുവച്ചത്. കരാറില്‍ ഗുരുതരമായ പാളിച്ചകളുള്ളതായി ട്രംപ് ആരോപിക്കുന്നു. മെയ് 12നു മുമ്പ് പാളിച്ചകള്‍ പരിഹരിച്ചില്ലെങ്കില്‍ കരാറില്‍നിന്നു പിന്‍മാറുമെന്നും യുഎസ് ഭീഷണിപ്പെടുത്തിയിരുന്നു. മെയ് 12ന്റെ സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് ഇറാന്റെ പ്രതികരണം.
ആണവക്കരാറില്‍ നിന്നു യുഎസ് പിന്‍മാറിയാല്‍ പ്രതീക്ഷിക്കപ്പെടുന്നതും അപ്രതീക്ഷിതവുമായ പ്രതികരണങ്ങള്‍ക്ക് ഇറാന്‍ സജ്ജമാണെന്നു റൂഹാനി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും മോശം കരാറെന്ന് ആണവക്കരാറിനെ കുറിച്ച് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
ഇറാനുമായുള്ള ആണവക്കരാറിനെ അനുകൂലിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇറാന്റെ ആണവ സമ്പുഷ്ടീകരണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആണവക്കരാറല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നു മാക്രോണ്‍ അഭിപ്രായപ്പെട്ടിരുന്നു. യൂറോപ്യന്‍ യൂനിയനും കരാറിനെ പിന്തുണച്ച് നിലപാട് അറിയിച്ചിരുന്നു.
ആണവക്കരാറില്‍ തുടരാന്‍ ട്രംപിനുമേല്‍ സമ്മര്‍ദം ചെലുത്താനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ചൊവ്വാഴ്ച യുഎസിലെത്തി.
അതേസമയം, ആണവക്കരാറില്‍ നിന്നു പിന്‍മാറുമെന്ന സൂചനകള്‍ ബലപ്പെടുത്തി, ഇറാന്‍ ആണവ സമ്പുഷ്ടീകരണം പുനരാരംഭിക്കുന്നതിനെതിരേ മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തി.
ആണവ പദ്ധതികള്‍ പുനരാരംഭിച്ചാല്‍ ഇറാന്‍ മുമ്പെങ്ങുമില്ലാത്തവിധം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സാന്നിധ്യത്തിലായിരുന്നു ട്രംപിന്റെ ഭീഷണി.
Next Story

RELATED STORIES

Share it