World

യുഎസ് പിന്‍മാറിയാല്‍ ആണവ സമ്പുഷ്ടീകരണം പുനരാരംഭിക്കും: ഇറാന്‍

ന്യൂയോര്‍ക്ക്: 2015ലെ ആണവക്കരാറില്‍ നിന്നു യുഎസ് പിന്‍മാറുകയാണെങ്കില്‍ ആണവ സമ്പുഷ്ടീകരണം കൂടുതല്‍ ശക്തമായി പുനരാരംഭിക്കുമെന്ന് ഇറാന്‍. കൂടുതല്‍ കര്‍ക്കശമായ നടപടികള്‍ പരിഗണിക്കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ശരീഫ് അറിയിച്ചു.
ഇറാന്‍ അണുബോംബുകള്‍ വാങ്ങിക്കൂട്ടാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ആണവക്കരാറില്‍ നിന്നു യുഎസ് പിന്‍മാറുകയാണെങ്കില്‍ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളെ അറിയിച്ചു. ഇറാനുമായുള്ള ആണവക്കരാറുമായി ബന്ധപ്പെട്ടു തീരുമാനമെടുക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മെയ് 12 വരെയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമയം അനുവദിച്ചിരിക്കുന്നത്. ഇറാന്‍ ആണവ സമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കാമെന്നും പകരം രാജ്യത്തിനു മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തില്‍ ഇളവു നല്‍കാമെന്നുമായിരുന്നു യുഎസ് അടക്കമുള്ള ആറു രാജ്യങ്ങളുമായുള്ള ആണവ ധാരണ.
തിങ്കളാഴ്ച വാഷിങ്ടണിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാേക്രാണിന്റെ ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളിലൊന്നായിരിക്കും ഇറാന്‍ ആണവക്കരാര്‍. ഇക്കാര്യത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കലുമായി നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. കരാറില്‍ ഉറച്ചുനില്‍ക്കാന്‍ ട്രംപിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അദ്ദേഹം യൂറോപ്യന്‍ നേതാക്കളോട് ആവശ്യപ്പെട്ടു. ട്രംപിനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നത് വ്യര്‍ഥമാണെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it