World

യുഎസ് തീരത്ത് ആഞ്ഞടിച്ച് ഫ്‌ളോറന്‍സ്; അഞ്ചുമരണം

വാഷിങ്ടണ്‍: യുഎസ് തീരങ്ങളെ ഭീതിയിലാഴ്ത്തി ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റില്‍ അഞ്ചുമരണം റിപോര്‍ട്ട് ചെയ്തു. നോര്‍ത്ത് കാരലൈനയിലാണ് അഞ്ചുമരണവും റിപോര്‍ട്ട് ചെയ്തത്. വീടിനുമുകളില്‍ മരം കടപുഴകിവീണാണ് അമ്മയും കുഞ്ഞും മരിച്ചത്. കുട്ടിയുടെ പിതാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
70 വയസ്സുപ്രായമായ രണ്ടുപേരും മരിച്ചവരില്‍ ഉള്‍പ്പെടും. യുവതിയാണ് മരിച്ച മറ്റൊരാള്‍. മരങ്ങള്‍ കടപുഴകി വീണതിനാല്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകുകയായിരുന്നു. നോര്‍ത്ത്, സൗത്ത് കാരൈലന, വര്‍ജിനിയ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ഇവിടങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. കാറ്റിനോടൊപ്പം അതിശക്തമായ മഴയുമാണ് ഈ മേഖലകളിലുള്ളത്. മരങ്ങള്‍ കടപുഴകുകയും വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
കാറ്റിന്റെ വേഗം മണിക്കൂറില്‍ 105 കിലോമീറ്ററാണ്. ആയിരത്തോളം ആളുകളെ അടിയന്തര കാംപുകളിലേക്കു മാറ്റി. 17 ലക്ഷം പേര്‍ക്ക് പ്രശ്‌നബാധിത മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോവാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. റൈറ്റ്‌സ് വില്ലില്‍ മണ്ണിടിച്ചില്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നോര്‍ത്ത് കാരലൈനയില്‍ എട്ടുലക്ഷം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. ഇത് പുനസ്ഥാപിക്കാന്‍ ദിവസങ്ങളോ ആഴ്ചകളോ വേണ്ടിവന്നേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it