Flash News

യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ : റോബര്‍ട്ട് മുള്ളര്‍ അന്വേഷിക്കും; പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഉദ്യോഗസ്ഥര്‍



വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ ആരോപണങ്ങളില്‍ അന്വേഷണച്ചുമതല എഫ്ബിഐ മുന്‍ തലവന്‍ റോബര്‍ട്ട് മുള്ളര്‍ക്ക്്്. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പിനിടെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയും ഇപ്പോഴത്തെ യുഎസ് പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിന് അനുകൂലമായി റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണങ്ങള്‍ സംബന്ധിച്ചാണ് അന്വേഷണം. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനനുകൂലമായി റഷ്യന്‍ ഇടപെടല്‍ നടന്നിട്ടുണ്ടോ എന്ന് മുള്ളറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ കമ്മീഷന്‍ പരിശോധിക്കും. എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ തല്‍സ്ഥാനത്തുനിന്നു നീക്കിക്കൊണ്ടുള്ള ട്രംപിന്റെ നടപടി വന്ന് ഒരാഴ്ചക്കുശേഷമാണ് റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണത്തിനായി മുള്ളറുടെ നേതൃത്വത്തിലുള്ള കമ്മീഷനെ നിയോഗിക്കുന്നത്. ഡെമോക്രാറ്റിക് നേതാവ് ഹിലരി ക്ലിന്റന്‍ന്റെ ഇ-മെയില്‍ ചോര്‍ച്ചാകേസ് അന്വേഷണത്തില്‍ കൃത്യവിലോപം നടത്തിയെന്നാരോപിച്ചായിരുന്നു കോമിയെ പിരിച്ചുവിട്ടത്. എന്നാല്‍, തിരഞ്ഞെടുപ്പിലെ ട്രംപിനനുകൂലമായ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശ്രമിച്ചതാണ് കോമിയെ പുറത്താക്കാന്‍ കാരണമെന്ന് ആരോപണവും അവ ശരിവയ്ക്കുന്ന തെളിവുകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഭരണകക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ ചില നേതാക്കളും റഷ്യന്‍ ഇടപെടല്‍ സംംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. അതേസമയം, തിരഞ്ഞെടുപ്പിനിടെ ട്രംപിന്റെ പ്രചാരണസംഘം 18 തവണ റഷ്യയുമായി ഫോണ്‍, ഇ-മെയില്‍ വഴി രഹസ്യമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് ചില മുന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നവംബറിലെ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള ഏഴു മാസങ്ങള്‍ക്കിടെയായിരുന്നു റഷ്യയുമായി ട്രംപിന്റെ പ്രചാരണസംഘം ഇത്തരത്തില്‍ ആശയവിനിമയം നടത്തിയത്. യുഎസിലെ റഷ്യന്‍ സ്ഥാനപതി സെര്‍ജീ കിസ്ല്യാകും ട്രംപിന്റെ നയതന്ത്ര ഉപദേശകരുമായുള്ള ഫോണ്‍ സംഭാഷണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവായിരിക്കെ പുറത്താക്കപ്പെട്ട മൈക്കല്‍ ഫ്‌ലിന്നുമായി റഷ്യന്‍ സ്ഥാനപതി ആശയവിനിമയം നടത്തിയതായി രേഖകള്‍ വ്യക്തമാക്കുന്നു. ഫ്‌ലിന്നിന് റഷ്യന്‍ ബന്ധമുള്ളതായി നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനിടെ ട്രംപ് റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ രഹസ്യരേഖകള്‍ ഇസ്രയേലി ചാരസംഘടനയായ മൊസാദ് ശേഖരിച്ചതാണെന്ന വാര്‍ത്ത പുതിയ വിവാദത്തിനു കാരണമായിട്ടുണ്ട്.
Next Story

RELATED STORIES

Share it