World

യുഎസ് ഉപരോധം വ്യാപാര ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാവുമെന്ന് ചൈന

ബെയ്ജിങ്: ചൈനയുമായുള്ള വ്യാപാര ബന്ധത്തില്‍ പുതുതായി ഏര്‍പ്പെടുത്തുന്ന ഏത് നിബന്ധനയും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളെ തന്നെ ഇല്ലാതാക്കുമെന്ന് യുഎസിന് ചൈന മുന്നറിയിപ്പു നല്‍കി. യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ട്ട് റോസുമായി ചൈനീസ് ഉപപ്രധാനമന്ത്രി ലീ ഹ്യൂ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ചൈന യുഎസിന് മുന്നറിയിപ്പു നല്‍കിയത്. പ്രാദേശിക ഉല്‍പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കലും പ്രചരിപ്പിക്കലും രാജ്യത്തിന്റെ ദേശീയ നയമാണ്. അതില്‍ മാറ്റം വരുത്തില്ലെന്ന് വാര്‍ത്ത പുറത്തുവിട്ട ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ അറിയിച്ചു.
ചൈനയില്‍ നിന്നുള്ള ഇറക്കുമതി ചുങ്കം 15000 കോടി ഡോളറാക്കി ഉയര്‍ത്തുമെന്ന് യുഎസ് നേരത്തേ അറിയിച്ചിരുന്നു. നിലവില്‍ യുഎസ് ചൈനയിലേക്കു കയറ്റുമതി ചെയ്യുന്നതിന്റെ നാലിരട്ടി വസ്തുക്കളാണ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഇത് മറികടക്കാനാണ് ട്രംപ് ഭരണകൂടം ചൈനയില്‍ നിന്നുള്ള വസ്തുക്കളുടെ ചുങ്കം വന്‍തോതില്‍ വര്‍ധിപ്പിച്ചത്. യുഎസില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതി വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് ഭരണകൂടം പറയുന്നുണ്ട്. എന്നാല്‍, നിലവിലെ നികുതി വ്യവസ്ഥകളിലും നയങ്ങളിലും വരുത്തുന്ന ഏതൊരു മാറ്റവും യുഎസുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും ഇല്ലാതാക്കുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.
കഴിഞ്ഞ മാസം വാഷിങ്ടണില്‍ വച്ച് ചൈനീസ് യുഎസ് അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. യുഎസില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കാമെന്ന് ഈ ചര്‍ച്ചയില്‍ ചൈന ഉറപ്പു നല്‍കി. ഇതിനു ശേഷമാണ് ചൈനയില്‍ നിന്നുള്ള ഇറക്കുമതി ചുങ്കം ഉയര്‍ത്താന്‍ യുഎസ് തീരുമാനിച്ചത്. ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലീ മാരി മുന്നറിയിപ്പു നല്‍കി.
Next Story

RELATED STORIES

Share it