World

യുഎസ്-ഉത്തര കൊറിയ ചര്‍ച്ച മാറ്റിവച്ചേക്കാം: ട്രംപ്‌

വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി അടുത്ത മാസം നടത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചേക്കാമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതുസംബന്ധിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ ശേഷമാണ്  ട്രംപ് ഇക്കാര്യം അറിയിച്ചത്.
സിംഗപ്പൂരില്‍ ജൂണ്‍ 12ന് ഇരു നേതാക്കളും ചര്‍ച്ച നടത്തുമെന്നാണ് ട്രംപ് നേരത്തേ അറിയിച്ചിരുന്നത്. അന്നു നടന്നില്ലെങ്കില്‍ പിന്നീട് എപ്പോഴെങ്കിലും നടന്നേക്കാമെന്നും ഇരു നേതാക്കളും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെ ട്രംപ് വ്യക്തമാക്കി. ഉച്ചകോടി നടക്കാന്‍ സാധ്യതയുണ്ട്, അതു നടക്കാതിരിക്കാനും സാധ്യതയുണ്ട്. നമുക്ക് ആവശ്യമായ ചില വ്യവസ്ഥകളുണ്ട്. അതിലേക്ക് എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞില്ലെങ്കില്‍ ഉച്ചകോടി നടക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇരു കൊറിയകളും തമ്മില്‍ കഴിഞ്ഞ ഏപ്രിലില്‍ പാന്‍മുന്‍ ജോമില്‍ നടന്ന ചര്‍ച്ചയില്‍ കൊറിയന്‍ മേഖലയെ ആണവ നിരായുധീകരിക്കാന്‍ ധാരണയായിരുന്നു. തുടര്‍ന്ന്, യുഎസുമായി ചര്‍ച്ച നടത്താനും നിശ്ചയിച്ചിരുന്നു. എന്നാല്‍, യുഎസുമായുള്ള ഉച്ചകോടി തടസ്സപ്പെട്ടേക്കാമെന്നു കഴിഞ്ഞ ആഴ്ച ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ അറിയിക്കുകയായിരുന്നു. മേഖലയില്‍ ദക്ഷിണ കൊറിയയും യുഎസും സംയുക്തമായി സൈനിക പരിശീലനം നടത്തിയതും മുന്‍ ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുമായി ഉണ്ടാക്കിയ രീതിയിലുള്ള കരാറാണ് വേണ്ടതെന്ന യുഎസ് ദേശീയ സെക്രട്ടറി ജോണ്‍ ബോള്‍ട്ടന്റെ പരാമര്‍ശവുമാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചത്.
കിം-ട്രംപ് ഉച്ചകോടിക്കായുള്ള മുന്നൊരുക്കങ്ങള്‍ തുടരുമെന്ന്്  വൈറ്റ് ഹൗസ് പ്രസിഡന്റ് സാറാ സാന്‍ഡേഴ്‌സന്‍ അറിയിച്ചു. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്കിരിക്കണമെങ്കിലും തങ്ങള്‍ തയ്യാറാണെന്നുംഅവര്‍ പറഞ്ഞു.
അതേസമയം, ഉച്ചകോടിയുമായി ബന്ധപ്പെട്ട് അനിശ്ചിതാവസ്ഥ നിലനില്‍ക്കുമ്പോഴും ആണവ നിലയങ്ങള്‍ അടച്ചു പൂട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് ഉത്തര കൊറിയ.  ഇതിന് സാക്ഷ്യം വഹിക്കാനായി ദക്ഷിണ കൊറിയയില്‍ നിന്നുള്ള എട്ട് പേരടക്കമുള്ള വിദേശ മാധ്യമ പ്രവര്‍ത്തകര്‍ ഉത്തര കൊറിയയിലെത്തി. ആണവ നിലയങ്ങള്‍ കാലാവസ്ഥയ്ക്കനുസരിച്ച് ബുധനാഴ്ചയോ വെള്ളിയാഴ്ചയോ തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it