യുഎസില്‍ ശക്തമായ മഞ്ഞുകാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധര്‍

വാഷിങ്ടണ്‍: യുഎസിന്റെ കിഴക്കന്‍ തീരത്ത് ശക്തമായ മഞ്ഞുകാറ്റുണ്ടാവുമെന്ന് മുന്നറിയിപ്പ്. മുന്നറിയിപ്പിനെത്തുടര്‍ന്ന് ഈ മേഖലകളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുകയും വാഷിങ്ടണ്‍ ഡിസിയിലെ പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചു കോടിയോളം പേരെ മഞ്ഞുകാറ്റിന്റെ ഫലങ്ങള്‍ ബാധിക്കും.
തലസ്ഥാനത്തും സമീപമേഖലകളിലും രണ്ടടിയോളം കനത്തില്‍ മഞ്ഞുമൂടുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നത്. വാഷിങ്ടണ്‍ ഡിസിയിലെ റെയില്‍ -ബസ് ഗതാഗതം തിങ്കളാഴ്ചവരെ നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. വാഷിങ്ടണ്‍, മെരിലാന്റ്, വിര്‍ജീനിയ മേഖലകളിലെ 7,00,000 ഓളം പേര്‍ ആശ്രയിക്കുന്ന മെട്രോസര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്. 15 സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തീരപ്രദേശത്ത് വെള്ളപ്പൊക്കവും മറ്റിടങ്ങളില്‍ ശക്തമായ മഞ്ഞുമഴയുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ന്യൂയോര്‍ക്കിലേക്കും മഞ്ഞുകാറ്റ് വ്യാപിക്കാമെന്നും ദേശീയ കാലാവസ്ഥാ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. ശക്തമായ മഞ്ഞുകാറ്റ് ജീവനും സ്വത്തിനും ഭീഷണിയാണെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.
വാഷിങ്ടണിലെ രണ്ടു വിമാനത്താവളങ്ങളിലേക്കുള്ള നൂറുകണക്കിന് വിമാനസര്‍വീസുകള്‍ റദ്ദാക്കുന്നതായി അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. ബാള്‍ട്ടിമോര്‍ലേക്കും ഫിലാഡല്‍ഫിയ വിമാനത്താവളങ്ങളിലേക്കുമുള്ള വിമാനങ്ങളും റദ്ദാക്കിയതായി അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. ഞായറാഴ്ച മുതല്‍ സേവനങ്ങള്‍ പുനരാരംഭിക്കുമെന്നും അവര്‍ അറിയിച്ചു.
വാഷിങ്ടണ്‍, ഡള്ളാസ് അടക്കമുള്ള മധ്യ അറ്റ്‌ലാന്റിക് മേഖലയിലെ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നതായി യുനൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചു. നഗരത്തിലെ സ്‌കൂളുകള്‍ക്ക് വാഷിങ്ടണ്‍ മേയര്‍ രണ്ടു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it