Flash News

യുഎസില്‍ മുസ്‌ലിം വിരുദ്ധത പാരമ്യത്തിലെന്ന് റിപോര്‍ട്ട്‌



വാഷിങ്ടണ്‍: യുഎസില്‍ ഇസ്്‌ലാമിനും മുസ്്‌ലിംകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷം കുത്തനെ വര്‍ധിച്ചതായി മുസ്്‌ലിം അഭിഭാഷക സംഘം. 2015നെ അപേക്ഷിച്ച് 57 ശതമാനം വര്‍ധനവാണ് മുസ്്‌ലിംകള്‍ക്കും ഇസ്്‌ലാമിനുമെതിരേ രാജ്യത്ത് ഉണ്ടായതെന്നാണ് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് (കെയര്‍) പുറത്തുവിട്ട റിപോര്‍ട്ടിലുള്ളത്. 2014ല്‍നിന്നു 2015ലെത്തിയപ്പോള്‍ അതിക്രമങ്ങളുടെ വളര്‍ച്ചാനിരക്ക് കേവലം അഞ്ച് ശതമാനമായിരുന്നുവെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. തങ്ങള്‍ക്കറിയാവുന്ന കാര്യംതന്നെയാണ് റിപോര്‍ട്ട് അടയാളപ്പെടുത്തിയതെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി വിദ്വേഷകുറ്റകൃത്യങ്ങളിലുണ്ടായ വന്‍ വര്‍ധന ആശങ്കപ്പെടുത്തുന്നതാണെന്ന് കെയറിലെ ഇസ്്‌ലാം ഭയത്തിനെതിരേയുള്ള പോരാട്ടത്തിലെ നിരീക്ഷണ വിഭാഗം ഡയറക്ടര്‍ കോറിയ സെയ്‌ലര്‍ പറഞ്ഞു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ പ്രസംഗങ്ങളും അധികാരമേറ്റ ശേഷമുള്ള നിലപാടുകളുമാണ് ഇസ്്‌ലാം വിരുദ്ധ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടിയതെന്നാണ് വിലയിരുത്തല്‍. മതചിഹ്നങ്ങളോടുള്ള അസഹിഷ്ണുത, അതിക്രമങ്ങള്‍, തെരുവില്‍ വച്ച് ഉപദ്രവിക്കുക, ജോലി സ്ഥലത്തെ വിവേചനം തുടങ്ങി പല രീതിയിലും മുസ്്‌ലിംകള്‍ രാജ്യത്ത് പ്രയാസം നേരിടുന്നുണ്ട്. പള്ളികള്‍ക്കു നേരെ അതിക്രമം, ഇസ്‌ലാമിക് സെന്ററുകളില്‍ പന്നിയുടെ ചീഞ്ഞളിഞ്ഞ ശവം ഉപേക്ഷിക്കുക തുടങ്ങിയ സംഭവങ്ങളും നിരവധിയിടങ്ങളില്‍ റിപോര്‍ട്ട് ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശിക്ഷിക്കപ്പടുന്നില്ലെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it