World

യുഎസില്‍ കറുത്തവര്‍ഗക്കാര്‍ക്കായി പോരാടിയ ലിന്‍ഡ ബ്രൗണ്‍ അന്തരിച്ചു

വാഷിങ്ടണ്‍: യുഎസില്‍ വെള്ളക്കാരുടെ വിദ്യാലയങ്ങളില്‍ കറുത്ത വര്‍ഗക്കാര്‍ക്കും പ്രവേശനാനുമതി നേടിയെടുത്ത ലിന്‍ഡ ബ്രൗണ്‍ (76) അന്തരിച്ചു.
ആഫ്രോ-അമേരിക്കന്‍ വംശജയായ ലിന്‍ഡ ബ്രൗണിന് 1951ല്‍ കാന്‍സാസിലെ ടോപിക എലിമെന്ററി സ്‌കൂളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതാണ് വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിലേക്ക് അവരെ നയിച്ചത്. ആഫ്രിക്കന്‍-യുഎസ് പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടി ലിന്‍ഡ ബ്രൗണിന്റെ അച്ഛന്‍ ഒലിവര്‍ ബ്രൗണാണ് കോടതിയില്‍ പരാതി നല്‍കിയത്. ഈ കേസില്‍ നിരവധി ആഫ്രോ-അമേരിക്കന്‍ കുടുംബങ്ങളും കക്ഷിചേരുകയുണ്ടായി. 1954ലാണ് ലിന്‍ഡ ബ്രൗണും യുഎസിലെ ബോര്‍ഡ് ഓഫ് എജ്യൂക്കേഷനും ഏറ്റുമുട്ടിയത്. ഇതേ വര്‍ഷം തന്നെ വിദ്യാലയങ്ങളിലെ വര്‍ഗവിവേചനം ഇല്ലാതാക്കുന്നതിന് സുപ്രിംകോടതി നിയമപരമായ നടപടി സ്വീകരിക്കാന്‍ ബോര്‍ഡ് ഓഫ് എജ്യൂക്കേഷനോട് ആവശ്യപ്പെട്ടു.
വെള്ളക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സമീപത്തെ വിദ്യാലയങ്ങള്‍ പ്രവേശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് താമസസ്ഥലത്തു നിന്ന് അകലെയുള്ള ആഫ്രോ-അമേരിക്കന്‍ സ്‌കൂളായ സംനര്‍ എലിമെന്ററിയിലാണ് ലിന്‍ഡക്ക് പ്രവേശനം ലഭിച്ചത്. എന്നാല്‍, ലിന്‍ഡ  എന്ന ഒമ്പതുകാരിക്ക്  വിദ്യാലയത്തില്‍ എത്തിപ്പെടുക ബുദ്ധിമുട്ടായിരുന്നു. കറുത്ത വര്‍ഗക്കാരോടുള്ള വിവേചനം അനുഭവിച്ചറിഞ്ഞ ലിന്‍ഡ ബ്രൗണിന്റെ അച്ഛന്‍ ഒലിവര്‍ ബ്രൗണ്‍ ടോപിക ബോര്‍ഡ് ഓഫ് എജ്യൂക്കേഷനെതിരേ പരാതി നല്‍കുകയായിരുന്നു. 13 കുടുംബങ്ങളും ഇതില്‍ കക്ഷിചേര്‍ന്നു.
യുഎസില്‍ വിവിധ സംസ്ഥാനങ്ങളിലുള്ള കറുത്ത വര്‍ഗക്കാരുടെ സംഘടനയായ നാഷനല്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് കളേഴ്ഡ് പ്യൂപ്പിള്‍സുമായി ചേര്‍ന്ന് ഒലിവര്‍ ബ്രൗണ്‍ വിവേചനത്തിനെതിരേ നിയമയുദ്ധം നടത്തി അനുകൂല വിധി നേടിടെയുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it