യുഎസിലെ കുടുംബാസൂത്രണ ക്ലിനിക്കില്‍ വെടിവയ്പ്: മൂന്നു പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: യുഎസ് നഗരമായ കൊളറാഡോയിലെ കുടുംബാസൂത്രണ ക്ലിനിക്കിലുണ്ടായ വെടിവയ്പില്‍ പോലിസുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. അഞ്ചു പോലിസുകാരടക്കം 11 പേര്‍ക്കു പരിക്കേറ്റു. അക്രമിയെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു.
കുടുംബാസൂത്രണ ക്ലിനിക്കില്‍ ആയുധങ്ങളുമായി അതിക്രമിച്ചു കടന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും കൊളറാഡോ മേയര്‍ ജോണ്‍ സതേര്‍സ് അറിയിച്ചു.
അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാന്‍ഡ് പേരന്റ് ഹുഡിന്റെ മറ്റു ക്ലിനിക്കുകള്‍ക്ക് സുരക്ഷ ശക്തമാക്കി. അക്രമിയെ അധികൃതര്‍ ചോദ്യം ചെയ്തു വരുകയാണ്. കൊളറാഡോ സ്പ്രിങ്‌സില്‍ ഉണ്ടായ ആക്രമണത്തെ ഭീകരമായ ദുരന്തമെന്നു വിശേഷിപ്പിച്ച മേയര്‍ സതേര്‍സ് കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. രണ്ടു കുട്ടികളുടെ പിതാവായ ഗാരറ്റ് സ്വാസി(44) ആണ് കൊല്ലപ്പെട്ട പോലിസ് ഉദ്യോഗസ്ഥന്‍. ആക്രമണത്തിനു പിന്നാലെ സെന്ററിനു ചുറ്റുമുള്ള പാതകള്‍ പോലിസ് അടച്ചു. അക്രമിയെത്തിയ കാറും പോലിസ് കണ്ടെടുത്തു. അഞ്ചു മിനിറ്റിനകം 20 ഓളം വെടിയൊച്ചകള്‍ കേട്ടതായി സമീപത്തെ ബാര്‍ബര്‍ ഷോപ് മാനേജര്‍ അറിയിച്ചു.
സമീപത്തെ വ്യാപാരികളോട് പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടുംബാസൂത്രണ കേന്ദ്രം ആക്രമണത്തിനു തിരഞ്ഞെടുത്തതിനു പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോയെന്നു വ്യക്തമല്ല. ഗര്‍ഭഛിദ്രത്തെയും കുടുംബാസൂത്രണത്തെയും എതിര്‍ക്കുന്ന സംഘടനകളുടെ പ്രതിഷേധം ഈ സംഘടനയ്ക്കു നേരെയുണ്ടായിരുന്നു.
Next Story

RELATED STORIES

Share it