യുഎപിഎ: പോപുലര്‍ ഫ്രണ്ട് രാജ്ഭവന്‍ മാര്‍ച്ച് എട്ടിന്

തിരുവനന്തപുരം: യുഎപിഎ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഈമാസം എട്ടിന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും. യുഎപിഎക്കെതിരേ പോപുലര്‍ ഫ്രണ്ട് നടത്തിവരുന്ന ജനാധിപത്യ പോരാട്ടങ്ങളുടെ തുടര്‍ച്ചയായിട്ടാണ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളെ റദ്ദ് ചെയ്യുന്ന അസാധാരണ നിയമമാണ് യുഎപിഎ എന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഭരണകൂട നയങ്ങളെ വിമര്‍ശിക്കുന്നവരെയും ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്നവരെയും അടിച്ചമര്‍ത്താനാണ് യുഎപിഎ ഉപയോഗിക്കുന്നത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന ആദിവാസികളും ദലിതുകളും മുസ്‌ലിംകളും പോലുള്ള ദുര്‍ബലവിഭാഗങ്ങളാണ് ഈ നിയമത്തിന്റെ ഇരകള്‍ എന്നത് യുഎപിഎയുടെ ജനവിരുദ്ധ സ്വഭാവം തുറന്നുകാട്ടുന്നു. മുമ്പ് നിലവിലുണ്ടായിരുന്ന ടാഡ, പോട്ട പോലുള്ള നിയമങ്ങളിലെ കടുത്ത വ്യവസ്ഥകള്‍ ചേര്‍ത്ത് പാര്‍ലമെന്റില്‍ വേണ്ടത്ര ചര്‍ച്ചയില്ലാതെ പാസാക്കിയ ഈ നിയമം പിന്‍വലിക്കണമെന്നാണ് പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാളെ സംസ്ഥാനത്തെ 250 കേന്ദ്രങ്ങളില്‍ നൈറ്റ്‌വിജില്‍ സംഘടിപ്പിക്കും. എട്ടിനു രാവിലെ 10ന് കിഴക്കേകോട്ടയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ മുന്‍മന്ത്രി എ നീലലോഹിതദാസന്‍ നാടാര്‍, ഇ അബൂബക്കര്‍ (പീപ്പിള്‍സ് മൂവ്‌മെന്റ്‌സ് എഗൈന്‍സ്റ്റ് യുഎപിഎ വൈസ് ചെയര്‍മാന്‍), ഭാസുരേന്ദ്ര ബാബു (മാധ്യമപ്രവര്‍ത്തകന്‍), കെ എച്ച് നാസര്‍ (പോപുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി), എ കെ സലാഹുദ്ദീന്‍ (എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി), വര്‍ക്കല രാജ് (പിഡിപി വൈസ് ചെയര്‍മാന്‍), അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ് (ലത്തീന്‍ കത്തോലിക്ക ഐക്യവേദി), ഫത്തഹുദ്ദീന്‍ റഷാദി (ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്), എ എസ് അജിത്കുമാര്‍ (ദലിത് ചിന്തകന്‍) ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി (ദാറുല്‍ ഖദാ പ്രസിഡന്റ്), ആല്‍ഫാ അബ്ദുല്‍ ഖാദര്‍ ഹാജി (ജമാഅത്ത് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്), അഡ്വ. താജുദ്ദീന്‍, ശൈഖ് മുഹമ്മദ് (മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), സി എ റഊഫ് (കാംപസ് ഫ്രണ്ട് പ്രസിഡന്റ്) പങ്കെടുക്കും.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം എം എ സലിം കരമന, ജില്ലാ പ്രസിഡന്റ് ഇ സുല്‍ഫി, ജില്ലാ സെക്രട്ടറി നിസാര്‍ മൗലവി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it