യുഎപിഎ ചുമത്തിയ കേസില്‍ ആര്‍എസ്എസുകാര്‍ക്ക് ജാമ്യം

ഹനീഫ എടക്കാട്

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യുഎപിഎ ചുമത്തിയിട്ടും ആര്‍എസ്എസുകാര്‍ക്ക് ജാമ്യം ലഭിച്ച സംഭവത്തില്‍ ഗുഢാലോചന നടന്നെന്ന് ആരോപണമുയരുന്നു. 2015 ഫെബ്രുവരി 25ന് രാത്രി ചിറ്റാരിപ്പറമ്പ് ചുണ്ടയിലെ ഒണിയന്‍ പ്രേമനെ (45) ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിലും ഏപ്രില്‍ 15ന് സെന്‍ട്രല്‍ പൊയിലൂരിലെ പാറയുള്ളപറമ്പത്ത് വള്ളിച്ചാലില്‍ വിനോദി (36)നെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലുമാണ് ആര്‍എസ്എസുകാര്‍ക്ക് ജാമ്യം ലഭിച്ചത്.
ഇരുകേസിലും പ്രതികളായ മുഴുവന്‍ പേര്‍ക്കും ഇതിനകം ജാമ്യം ലഭിച്ചു. രണ്ടു കേസിലും അന്വേഷണം പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമായത്. ചിറ്റാരിപ്പറമ്പിലെ പ്രേമന്‍ വധത്തില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. വിനോദന്‍ വധത്തിലും അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചില്ല.
യുഎപിഎ ചുമത്തിയ കേസായതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അനുമതി ലഭിക്കണം.കണ്ണൂരി ല്‍ മൂന്ന് രാഷ്ട്രീയ കൊലപാതക കേസിലാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. ഇതില്‍ ആര്‍എസ്എസ് നേതാവ് മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരില്‍ ചുരുക്കം ചിലര്‍ക്കു മാത്രമാണ് ജാമ്യം ലഭിച്ചത്. അതും കേസില്‍ നേരിട്ട് പങ്കാളികളായവര്‍ക്ക് സഹായം ചെയ്‌തെന്ന പേരില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഇപ്പോഴും ജയിലില്‍ തന്നെ കഴിയുകയാണ്. ജില്ലാ സെക്രട്ടറി പി ജയരാജനും റിമാന്‍ഡിലാണ്. കേസില്‍ പ്രാഥമിക കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിനു ശേഷം നടന്നതാണ് ചിറ്റാരിപ്പറമ്പിലെ ഒണിയന്‍ പ്രേമന്‍ വധവും വിനോദന്‍ വധവും. എന്നാല്‍, പ്രതിചേര്‍ക്കപ്പെട്ട ആര്‍എസ്എസുകാര്‍ക്കെതിരേ യുഎപിഎ ചുമത്തിയിട്ടും ജാമ്യം ലഭിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പ്രേമന്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ ഗുഢാലോചന കുറ്റമടക്കം ചുമത്തിയിട്ടും ജാമ്യം ലഭിച്ചത് കോണ്‍ഗ്രസ്-ആര്‍എസ്എസ് ഗുഢാലോചന കാരണമെന്നാണ് സിപിഎം ആരോപിക്കുന്നത്.
Next Story

RELATED STORIES

Share it