യുഎപിഎ ചുമത്തിയത്  പ്രതിഷേധാര്‍ഹം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: പി ജയരാജനെതിരേ യുഎപിഎ ചുമത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍.
യുഎപിഎ പോലുള്ള ഭീകരനിയമങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് രാഷ്ട്രീയ പ്രതിയോഗികളെ തളയ്ക്കാനുള്ള ആയുധമായി മാറുന്നതെങ്ങിനെയെന്ന് ഒരിക്കല്‍കൂടി വെളിവായി. ഭരണകൂടങ്ങള്‍ തങ്ങളുടെ സേച്ഛാധിപത്യ പ്രവണതയ്ക്കുള്ള സംരക്ഷണ കവചമായാണ് ഇത്തരം നിയമങ്ങള്‍ ചുട്ടെടുക്കുന്നത്. ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതാണ് യുഎപിഎ പോലുള്ള നിയമങ്ങള്‍.
മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ വേണ്ടത്ര ചര്‍ച്ചയില്ലാതെയാണ് യുഎപിഎ പാസ്സാക്കിയത്. അന്ന് സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനെ പിന്തുണയ്ക്കുകയായിരുന്നു. അന്നേ പോപുലര്‍ ഫ്രണ്ട് ഇതിന്റെ അപകടം ചൂണ്ടിക്കാട്ടിയിരുന്നു. ടാഡയുടെയും പോട്ടയുടെയും കാര്യത്തിലെന്ന പോലെ മുസ്‌ലിംകളും ദലിതുകളും മറ്റു ദുര്‍ബലവിഭാഗങ്ങളുമാണ് ഈ ഭീകരനിയമത്തിന്റെ ഇരകളാവുകയെന്നത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു വിഷയമേ ആയിരുന്നില്ല. പ്രാദേശിക സംഭവമായ മൂവാറ്റുപുഴ കേസില്‍ യുഎപിഎ ചാര്‍ത്തി ഈ ഭീകരനിയമം കേരളത്തില്‍ ആദ്യം പ്രയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ്. നാറാത്ത് കേസില്‍ യുഎപിഎ ചാര്‍ത്തി യുഡിഎഫ് ഭരണകാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതേ തെറ്റ് ആവര്‍ത്തിച്ചു.
രാഷ്ട്രീയ കേസുകളില്‍ യുഎപിഎ പാടില്ലെന്ന സിപിഎം നിലപാട് കാപട്യമാണ്. മറ്റുള്ളവര്‍ക്കെതിരേ യുഎപിഎ ചുമത്താമെന്നത് തത്വാധിഷ്ഠിതമായ നിലപാടല്ല. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎയുടെ കുന്തമുന നീണ്ടു വരുന്നത് ഒരു കാവ്യനീതിയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. യുഎപിഎ പിന്‍വലിക്കാനുള്ള ബഹുജന പോരാട്ടങ്ങളില്‍ സജീവമായ പ്രസ്ഥാനങ്ങള്‍ക്കൊപ്പം സമരരംഗത്ത് സഹകരിക്കാന്‍ സിപിഎം തയ്യാറാവണമെന്നും കെ എച്ച് നാസര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it