Flash News

യുഎപിഎ ചുമത്താന്‍ മുസ്‌ലിമാണെന്നതു മതിയായ കാരണം



ന്യൂഡല്‍ഹി: ഒരാള്‍ മുസ്‌ലിമാണെന്നതുതന്നെ യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ചാര്‍ത്താനുള്ള മതിയായ കാരണമാകുന്ന സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്ന് ദേശീയ മനുഷ്യാവകാശ സെമിനാര്‍. ദേശീയ മനുഷ്യാവകാശ ഏകോപന സമിതിയുടെ 20ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ ആരംഭിച്ച ദ്വിദിന സമ്മേളനത്തില്‍ “യുഎപിഎ രാഷ്ട്രീയമായ അടിച്ചമര്‍ത്തലിനുള്ള ഉപകരണം’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ യുഎപിഎ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരാള്‍ മുസ്‌ലിമായി ജനിച്ചുവെന്നതിനാല്‍ തന്നെ അദ്ദേഹത്തിനെതിരേ യുഎപിഎ ചാര്‍ത്താനുള്ള 95 ശതമാനം സാധ്യതയുണ്ടെന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് സെമിനാറില്‍ സംസാരിച്ച ക്വില്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെ കെ സുഹൈല്‍ അഭിപ്രായപ്പെട്ടു. യുഎപിഎ നിയമത്തിലെ സെക്ഷന്‍ 15 ഏറ്റവും അപകടകരമാണ്. ഒരാള്‍ ദേശവിരുദ്ധ കുറ്റകൃത്യം ചെയ്യാന്‍ മനസ്സില്‍ കരുതിയാല്‍ തന്നെ  അറസ്റ്റ് ചെയ്തു തുറുങ്കിലടയ്ക്കാമെന്നാണ് നിയമത്തിലുള്ളതെന്നും സുഹൈല്‍ വ്യക്തമാക്കി. എന്‍ഐഎ ന്യൂനപക്ഷ വിരുദ്ധവും ഹിന്ദുത്വ ഫാഷിസ്റ്റ് ഏജന്റുമാണെന്ന് യുഎപിഎ വിരുദ്ധ ജനകീയ മുന്നണി കണ്‍വീനര്‍ ഇ എം അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.  ജനവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ സംഘടനകളായ ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത്  സംഘടനകളോട് മൃദുസമീപനമാണ് എന്‍ഐഎയ്ക്ക്. എന്‍ഐഎയെ പിരിച്ചുവിടുകയും യുഎപിഎ റദ്ദാക്കുകയുമാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. എന്‍സിഎച്ച്ആര്‍ഒ ഉപാധ്യക്ഷന്‍ അഡ്വ. കെ പി മുഹമ്മദ് ശരീഫ്, കോ-ഓഡിനേറ്റര്‍ മുഹമ്മദ് ജാനിബ്  സംസാരിച്ചു.
Next Story

RELATED STORIES

Share it