Flash News

യുഎപിഎ കേസ് നടത്തിപ്പിന് ഫണ്ട് ശേഖരണവുമായി സിപിഎം

ബഷീര്‍   പാമ്പുരുത്തി

കണ്ണൂര്‍: യുഎപിഎ ചുമത്തപ്പെട്ട് മാസങ്ങളോളം ജയിലില്‍ കഴിയുന്ന പാര്‍ട്ടിപ്രവര്‍ത്തകരുടെ കേസ് നടത്തിപ്പിന് ഫണ്ട് ശേഖരണവുമായി സിപിഎം രംഗത്ത്. ഫെബ്രുവരി 16, 17, 18 തിയ്യതികളിലാണ് കണ്ണൂരില്‍ യുഎപിഎ കേസ് ഫണ്ട് ശേഖരണം നടത്താന്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചത്. മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ യുഎപിഎ ചുമത്തപ്പെട്ടതു മുതല്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സിപിഎം ഇതാദ്യമായാണ് യുഎപിഎ കേസ് നടത്തിപ്പിനു വന്‍ സാമ്പത്തികബാധ്യതയുണ്ടെന്നു പറഞ്ഞ് പൊതുജനങ്ങളില്‍ നിന്നു പിരിവിനൊരുങ്ങുന്നത്. ജില്ലയിലെ മുഴുവന്‍ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും കയറി പിരിവെടുക്കാനാണുനിര്‍ദേശം. നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ 15 സിപിഎം പ്രവര്‍ത്തകരാണ് 40 മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജ് വധക്കേസിലാണ് ഇവരെല്ലാം അഴിക്കുള്ളില്‍ കഴിയുന്നത്. മനുഷ്യാവകാശ സംഘടനകള്‍ ജനവിരുദ്ധ നിയമമെന്ന് വിശേഷിപ്പിക്കുന്ന യുഎപിഎ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസില്‍ ആദ്യമായി ചുമത്തപ്പെട്ടതും മനോജ് വധക്കേസിലാണ്. കേസില്‍ 25ാം പ്രതിയായ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനു നേരത്തേ കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചിരുന്നു. പ്രാദേശിക നേതാക്കളും പാര്‍ട്ടി പത്രത്തിലെ ജീവനക്കാരനുമടക്കം 25 പേര്‍ പ്രതികളായ കേസില്‍ 10 പേര്‍ക്കു മാത്രമാണു കോടതി ജാമ്യം നല്‍കിയത്. ഇവര്‍ക്കെതിരേ ഐപിസി വകുപ്പുകള്‍ക്കു പുറമേ യുഎപിഎയിലെ 13ാം വകുപ്പും ചുമത്തിയിട്ടുണ്ട്. സിബിഐ അന്വേഷിക്കുന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ ബാക്കിയുള്ളവരെല്ലാം ജയിലില്‍ തുടരുകയാണ്. ഇതോടെ പാര്‍ട്ടിയില്‍ അസ്വാരസ്യമുയര്‍ന്നതിനെ തുടര്‍ന്നാണു പ്രമുഖ അഭിഭാഷകരെ തന്നെ അണിനിരത്തി കേസ് നേരിടാന്‍ സിപിഎം തീരുമാനിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെയാണ് മനോജ് വധക്കേസില്‍ ബോംബെറിഞ്ഞ് ഭീതിപരത്തിയെന്ന പേരില്‍ യുഎപിഎ ചുമത്തിയത്. തൊട്ടുപിന്നാലെ ചിറ്റാരിപ്പറമ്പില്‍ സിപിഎം പ്രവര്‍ത്തകന്‍ ഒണിയന്‍ പ്രേമനെ കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേയും യുഎപിഎ ചുമത്തി. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ യുഎപിഎ ചുമത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഉത്തരവിറക്കിയതോടെ പ്രതികള്‍ക്കെതിരായ യുഎപിഎ കോടതി ഒഴിവാക്കിയിരുന്നു. യുഎപിഎ ചുമത്തപ്പെട്ടാല്‍ ആറുമാസം വരെ ജാമ്യം അനുവദിക്കേണ്ടതില്ല. എന്നാല്‍, പൗരാവകാശ ലംഘനങ്ങള്‍ക്കിടയാക്കുന്ന യുഎപിഎ ആദ്യമായി കേരളത്തില്‍ നടപ്പാക്കിയത് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. കണ്ണൂരില്‍ നാറാത്ത് കേസില്‍ യുഎപിഎ ചുമത്തിയെങ്കിലും അത് ഹൈക്കോടതിയും പിന്നീട് സുപ്രിംകോടതിയും ഒഴിവാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it