Citizen journalism

യുഎപിഎക്കെതിരേ എന്തുകൊണ്ട് മൗനം?

യുഎപിഎ തികച്ചും ജനാധിപത്യവിരുദ്ധമായ കാടന്‍ നിയമമാണെന്ന് കേരളത്തിലെ കൊച്ചുകുട്ടിക്കുപോലും അറിയാമെന്നിരിക്കെ കേരളത്തില്‍ സിപിഎം ഇത്രയും കാലം യുഎപിഎക്കെതിരേ മൗനംപാലിക്കുകയായിരുന്നു.
പി ജയരാജന്‍ നേരെ ജയിലില്‍ പോയതോടെയാണ് അവര്‍ക്ക് ബോധം വന്നത് എന്നു പറയാമോ? തീവ്രവാദത്തിന്റെയും ഭീകരതയുടെയും പേരുപറഞ്ഞ് മുസ്‌ലിംകളെയും ദലിതരെയും അകത്താക്കാന്‍വേണ്ടി മാത്രമാണ് ദേശീയ സുരക്ഷയുടെ പേരുപറഞ്ഞ് യുഎപിഎ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. പണ്ടത്തെപ്പോലെ ജനാധിപത്യവ്യവസ്ഥിതിയെ തന്നെ മറികടക്കുന്ന കാടന്‍നിയമങ്ങളെ അതിശക്തമായി എതിര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്നത് വളരെയേറെ പ്രസക്തമായ ഒരു ചോദ്യമാണ്. ഉപ്പുതിന്നവന്‍ വെള്ളംകുടിക്കുക തന്നെ വേണം. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാന്‍ സിപിഎം വളരെ വൈകിപ്പോയിരിക്കുന്നു. ജനവിരുദ്ധനിയമങ്ങള്‍ക്കെതിരേ അതിശക്തമായ ജനകീയ പോരാട്ടങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ സിപിഎം ഇനിയെങ്കിലും തയ്യാറാവുമോ?

പുതുപ്പണം ഗഫൂര്‍
പെരിങ്ങാടി
പ്രതിപക്ഷ ധര്‍മം
കേരള സര്‍ക്കാര്‍ ബസ് ചാര്‍ജ് ഒരു രൂപ കുറച്ച് മാതൃക കാട്ടി. ഇന്നത്തെ ക്രൂഡോയില്‍ നിരക്കുപ്രകാരം 30 രൂപയില്‍ താഴെ വിലയ്ക്ക് പെട്രോള്‍ കൊടുക്കാന്‍ കഴിയും. എന്നിട്ടും ഒരുരൂപ പോലും കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിന്റെ ഫലമായിട്ടാണ് നിത്യോപയോഗസാധനങ്ങള്‍ക്ക് വില കുതിച്ചുകയറുന്നത്. ഇത്തരം നടപടികള്‍ക്കെതിരേ ഒരക്ഷരം മിണ്ടാനോ സമരം ചെയ്യാനോ പ്രതിപക്ഷത്തിന് കഴിയുന്നില്ല. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന റബറിന്റെയും ജാതി, ഏലക്ക, മറ്റു കാര്‍ഷികോല്‍പന്നങ്ങളുടെയും വില കുത്തനെ ഇടിഞ്ഞിട്ടും ഇവര്‍ക്കു മിണ്ടാട്ടമില്ല. കേരളത്തില്‍ പ്രതിപക്ഷം ജനങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുകയല്ലേ ചെയ്യുന്നത്?
കേരള സര്‍ക്കാരിനെതിരേ വസ്തുനിഷ്ഠമായ ഒരു ആരോപണവും സഭയ്ക്കകത്തോ പുറത്തോ ഉന്നയിക്കാന്‍ അഞ്ചുവര്‍ഷമായിട്ടും കഴിയാത്ത പ്രതിപക്ഷം ഒരു സ്ത്രീയുടെയും കള്ളിന്റെയും പിറകെ അലയാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷത്തോളമായി.

എം ഇ അലിയാര്‍
പോഞ്ഞാശ്ശേരി
ചില്ലറയല്ല പ്രശ്‌നം
ചില്ലറക്ഷാമം രൂക്ഷമായിരിക്കുന്നു. കൈയില്‍ ചില്ലറ കരുതിയില്ലെങ്കില്‍ കുടുങ്ങിയതു തന്നെ. ചില്ലറയില്ലെങ്കില്‍ യാത്രവരെ മാറ്റിവയ്‌ക്കേണ്ടിവരുന്ന അവസ്ഥ. ചില്ലറയില്ല എന്ന് മറുപടി പറയുമ്പോള്‍ എന്തോ അപരാധം ചെയ്തപോലെയാണ്. ബസ്സില്‍ വച്ച് കണ്ടക്ടര്‍ വിളിച്ചുപറയുന്നു, ചില്ലറയുള്ളവര്‍ മാത്രം കയറിയാല്‍ മതി.
മുമ്പൊക്കെ ഒരു രൂപ ബാക്കി തരുന്നതിനു പകരം മിഠായി കിട്ടാറുണ്ടായിരുന്നു. ഇന്നിപ്പോള്‍ അഞ്ചുരൂപയ്ക്കു വരെ മിഠായിയാണ്. റെയില്‍വേസ്റ്റേഷനില്‍ പോയി ഒരു കുപ്പി വെള്ളം വാങ്ങി 20 രൂപ കൊടുത്താല്‍ ഉടനെ വരും ചോദ്യം: ''ബാക്കി അഞ്ചു രൂപയ്ക്ക് ചോക്കലേറ്റ് തരട്ടെ.''
എന്തെങ്കിലും മറുചോദ്യം ചോദിച്ചുപോയാല്‍ കലഹം പിന്നെ കണ്ടുനില്‍ക്കുന്നവര്‍ ഇടപെട്ട് പിടിച്ചുമാറ്റേണ്ടി വരുന്നതിലേക്കു വരെയെത്തുന്നു. ചില്ലറയ്ക്കു പകരം മിഠായി. അതിലും 20ഉം 25ഉം ശതമാനം ലാഭം നല്‍കുന്നവന്‍ നേടുന്നു. ചില്ലറക്ഷാമം രൂക്ഷമാവുന്നതിന് ഉത്തരവാദി സര്‍ക്കാര്‍ തന്നെയാണ്. രാജ്യത്തിന്റെ തെക്കോട്ട് പോവുന്നതിനനുസരിച്ചാണ് ചില്ലറക്ഷാമം രൂക്ഷമാവുന്നത്.

ബി നൗഷാദ്
കുനിങ്ങാട്‌
Next Story

RELATED STORIES

Share it