World

യുഎഇ: വിദേശികള്‍ക്ക് ബിസിനസില്‍ 100 ശതമാനം ഉടമസ്ഥാവകാശം

ദുബയ്: അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് ബിസിനസില്‍ 100 ശതമാനം ഉടമസ്ഥാവകാശം നല്‍കാന്‍ യുഎഇ തീരുമാനം. ഞായറാഴ്ച ചേര്‍ന്ന യുഎഇ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, കോര്‍പറേറ്റ് നിക്ഷേപകര്‍, ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് 10 വര്‍ഷത്തെ താമസ വിസ അനുവദിക്കാനും തീരുമാനമായി. ഇവരോടൊപ്പം കുടുംബത്തിനും 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതനുസരിച്ച് റസിഡന്‍സി സംവിധാനത്തില്‍ ഭേദഗതി വരുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
നിക്ഷേപകരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാക്കുകയും പ്രതിഭകളുടെ ക്രിയാത്മകമായ കഴിവുകള്‍ക്ക് വേദിയൊരുക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. യൂനിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ ശേഷം മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നില്‍ക്കുന്നവര്‍ക്ക് താമസ വിസ നല്‍കുന്നത് സംബന്ധിച്ച് അവലോകനം നടത്താനും മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു.
ഈ വര്‍ഷാവസാനത്തിനു  ഈ തീരുമാനങ്ങള്‍ പ്രാബല്യത്തിലാക്കാന്‍ വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. യുഎഇയിലെ അവസരങ്ങള്‍, സഹിഷ്ണുത, മൂല്യങ്ങള്‍, നിയമനിര്‍മാണം തുടങ്ങി നിരവധി ഘടകങ്ങളാണ് ആഗോളതലത്തില്‍ നിക്ഷേപമാകര്‍ഷിക്കാന്‍ സഹായമാവുന്നത്. അതുകൊണ്ടു തന്നെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള അവസരങ്ങളുടെ നാടായി യുഎഇ തുടരുമെന്നും ശെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
Next Story

RELATED STORIES

Share it