World

യുഎഇ രാജകുമാരന്‍ ഖത്തറില്‍ അഭയം തേടി

ദോഹ: യുഎഇ രാജകുമാരന്‍ ഖത്തറില്‍ അഭയം തേടിയതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപോര്‍ട്ട്. ഫുജൈറ ഭരണാധികാരിയുടെ രണ്ടാമത്തെ മകന്‍ ശെയ്ഖ് റാശിദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയാണ് ഖത്തറില്‍ അഭയം തേടിയത്. ഫുജൈറയിലെ സര്‍ക്കാര്‍ മാധ്യമത്തിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. യുഎഇ ഭരണാധികാരിയുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ശെയ്ഖ് റാശിദ് രാജ്യംവിട്ടതെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപോര്‍ട്ടില്‍ പറയുന്നു.
മെയ് 16നാണ് ശെയ്ഖ് റാശിദ് ദോഹ വിമാനത്താവളത്തില്‍ എത്തിയത്. രാഷ്ട്രീയ അഭയം ചോദിച്ചാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഭീഷണിയുണ്ട്. ഭരണകൂടം കള്ളപ്പണം വെളുപ്പിക്കുകയാണെന്നും ശെയ്ഖ് റാശിദ് പറയുന്നു. എന്നാല്‍, അദ്ദേഹം തന്റെ വാദങ്ങള്‍ക്ക് യാതൊരു തെളിവും ഹാജരാക്കിയിട്ടില്ല. യുഎഇയിലെ ഭരണാധികാരികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണെന്നു രാജകുമാരന്‍ പറഞ്ഞുവെന്നു റിപോര്‍ട്ടിലുണ്ട്. യമനില്‍ യുഎഇ സൈന്യം ഇടപെടുന്നത് സംബന്ധിച്ചാണ് പ്രധാന തര്‍ക്കമെന്നും ശെയ്ഖ് റാശിദ് അഭിമുഖത്തില്‍ പറയുന്നു.
യമനിലെ ആക്രമണം അബൂദബി ഭരണാധികാരികള്‍ ഒറ്റയ്ക്കു തീരുമാനിക്കുകയായിരുന്നു. എമിറേറ്റ്‌സിലെ മറ്റു ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയില്ലെന്നും ശെയ്ഖ് റാശിദ് പറഞ്ഞു.
യമനില്‍ ആക്രമണത്തിനിടെ നൂറിലധികം യുഎഇ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഫുജൈറ പോലുള്ള ചെറിയ എമിറേറ്റ്‌സിലെ സൈനികരാണ് കൂടുതല്‍ കൊല്ലപ്പെട്ടതെന്നും ശെയ്ഖ് റാശിദ് കുറ്റപ്പെടുത്തുന്നു. അതേസമയം, രാജകുമാരന്റെ ആരോപണങ്ങളോട്  യുഎഇ എംബസി പ്രതികരിച്ചില്ല.
Next Story

RELATED STORIES

Share it