യുഎഇ ദേശീയ ദിനം തലസ്ഥാനത്തും ആഘോഷം

തിരുവനന്തപുരം: യുഎഇയുടെ 46ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്തെ യുഎഇ കോണ്‍സുലേറ്റിന്റെ നേതൃത്വത്തിലും ആഘോഷം നടത്തി. കേരളവും അറബ് നാടുകളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദത്തെയും സുദൃഢമായ സാമ്പത്തിക-സാംസ്‌കാരിക ബന്ധത്തെയും അനുസ്മരിപ്പിക്കും വിധമായിരുന്നു ആഘോഷം. യുഎഇയുടെ കേരള ദക്ഷിണേന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസയ്ന്‍ അല്‍സാബി സംഘടിപ്പിച്ച വിരുന്നുസല്‍ക്കാരത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രമുഖ വ്യക്തികളും പങ്കെടുത്തു. കേരളീയരുടെയും അറബ് നാടുകളിലെ മലയാളിസമൂഹത്തിന്റെയും വകയായി എല്ലാവിധ ആശംസകളും നേരുന്നതായി മന്ത്രി പറഞ്ഞു. യുഎഇ നിലവില്‍ വന്ന 1971 മുതലുള്ള രാജ്യത്തിന്റെ നേട്ടങ്ങളും ഇന്ത്യയുമായുള്ള ദൃഢബന്ധവും കോണ്‍സല്‍ ജനറല്‍ പ്രത്യേകം ചൂണ്ടിക്കാട്ടി. സഹകരണ മനോഭാവവും പരസ്പര ബഹുമാനവുമാണ് ഇരുരാഷ്ട്രങ്ങളുടെയും ബന്ധത്തിന്റെ കാതല്‍. അത് രണ്ടു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലേക്കു വളര്‍ന്നെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു. നേതാക്കന്മാരുടെ പരസ്പര സന്ദര്‍ശനങ്ങളും വളര്‍ന്നുകൊണ്ടിരിക്കുന്ന വാണിജ്യ, സാമ്പത്തിക, സാംസ്‌കാരിക വിനിമയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള അതിശക്തമായ ബന്ധത്തിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കല്‍ നടന്നു. എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഫ്‌ളൈ ദുബയ്, എയര്‍ അറേബ്യ എന്നീ എയര്‍ലൈനുകളുടെ സ്‌പോണ്‍സര്‍ഷിപ്പോടെ നടന്ന ചടങ്ങില്‍ സമ്മാനമായി ഹോളിഡേ വൗച്ചറുകളും വിമാനടിക്കറ്റുകളും വിതരണം ചെയ്തു.
Next Story

RELATED STORIES

Share it