World

യുഎഇയില്‍ വിസാ നിയമങ്ങളില്‍ ഇളവ്; രാജ്യം വിടാതെ വിസ മാറാം

ദുബയ്: യുഎഇയിലെ സന്ദര്‍ശകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കുള്ള വിസ നിയമങ്ങളിലെ ഇളവ് നിലവില്‍ വന്നു. സന്ദര്‍ശക, ടൂറിസ്റ്റ് വിസകളിലെത്തുന്നവര്‍ക്ക് രാജ്യം വിടാതെ വിസ മാറാമെന്നതാണ് പ്രത്യേകത.
യുഎഇയിലെ സന്ദര്‍ശകര്‍, സഞ്ചാരികള്‍, വിധവകള്‍, വിവാഹമോചിതര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമാവുന്നതാണ് പുതിയ വിസാ നിയമം. സന്ദര്‍ശക വിസ കാലാവധിക്കു ശേഷം രാജ്യം വിടാതെ പുതിയ വിസ എടുക്കാനോ പുതുക്കാനോ സാധിക്കും. വിനോദസഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ രണ്ടുതവണ പുതുക്കാന്‍ അനുമതിയുണ്ട്.
സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് രാജ്യം വിടാതെ നിശ്ചിത ഫീസ് നല്‍കി തൊഴില്‍ വിസയിലേക്ക് മാറാനാവും. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതമായി രാജ്യത്ത് കഴിയുന്നതിന് അവസരമൊരുക്കുന്നതിനാണ് ഇളവെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്റ്റിങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സയിദ് റക്കന്‍ അല്‍ റാഷിദി പറഞ്ഞു.
മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ യൂനിവേഴ്‌സിറ്റികളിലടക്കം പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിസാ കാലാവധിയും നീട്ടിനല്‍കും. 18 വയസ്സ് കഴിഞ്ഞ മക്കളെ മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നു മാറ്റണമെന്ന നിബന്ധനയിലാണ് ഇളവ്. പുതിയ നിയമം അനുസരിച്ചു വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും അവരുടെ കുട്ടികള്‍ക്കും ഒരു വര്‍ഷത്തേക്ക് താമസ വിസ കാലാവധി നീട്ടിനല്‍കും.

Next Story

RELATED STORIES

Share it