Gulf

യുഎഇയില്‍ ഈ വര്‍ഷം പിടിയിലായത് 5,155 നുഴഞ്ഞുകയറ്റക്കാര്‍

ദുബയ്: രാജ്യത്തേക്ക് നുഴഞ്ഞു കയറുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തി. 5,155 നുഴഞ്ഞുകയറ്റക്കാരാണ് ഈ വര്‍ഷം ആദ്യ ആറു മാസത്തിനിടെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പിടിയിലായ നുഴഞ്ഞുകയറ്റക്കാര്‍ 11,394 പേരായിരുന്നുവെന്നും ദുബയ് പൊലീസിലെ നുഴഞ്ഞു കയറ്റ വിരുദ്ധ വകുപ്പ് മേധാവി കേണല്‍ അലി സാലം അല്‍ ഷംസി പറഞ്ഞു.
ഇക്കൊല്ലം കൊടും കുറ്റവാളികളെ പിടികൂടിയ കാര്യത്തിലും കുറവുണ്ടായിട്ടുണ്ട്. പിടികിട്ടാപ്പുള്ളികളായ 16 പേരെ മാത്രമാണ് ഈ വര്‍ഷം യുഎഇയില്‍ അറസ്റ്റ് ചെയ്തതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 33 പിടികിട്ടാപ്പുള്ളികളെ പിടികൂടിയിരുന്നു. താമസ നിയമം ലംഘിച്ച 2,755 പേരെ ഈ വര്‍ഷം അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറസ്റ്റിലായവര്‍ 2,886 പേരാണ്.
അനധികൃതമായുള്ളവരെയും നുഴഞ്ഞുകയറ്റക്കാരെയും പിടികൂടുന്നതിനോടൊപ്പം തന്നെ, ഈ നിയമ വിരുദ്ധ പ്രതിഭാസം ഇല്ലായ്മ ചെയ്യാനും ഇവ കൊണ്ടുള്ള അപകടാവസക്ഥ ചൂണ്ടിക്കാട്ടാനും ദുബയ് പൊലീസ് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ കാമ്പയിന്‍ നടത്തി വരികയാണെന്നും അല്‍ഷംസി പറഞ്ഞു.
നിയമ വിരുദ്ധമായുള്ളവരെ കണ്ടെത്താനും അവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കാനും പൊതുജന സഹകരണം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരുവു കച്ചവടക്കാര്‍, കാര്‍ കഴുകുന്നവര്‍, യാചകര്‍ എന്നിവര്‍ക്കെതിരെ നിരവധി കാമ്പയിനുകള്‍ നടന്നു വരുന്നുണ്ടെന്നും അദ്ദേഹത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it