World

യുഎഇക്കെതിരേ യുഎന്‍

മൊഗാദിഷു: സോമാലിയയിലേക്ക് കപ്പല്‍മാര്‍ഗം ആയുധം കൊണ്ടുപോവുന്നതിനുള്ള 1992ലെ യുഎന്‍ ഉപരോധം യുഎഇ നിരന്തരം ലംഘിക്കുന്നതായി യുഎന്‍ ഉപരോധ കമ്മിറ്റി വിദഗ്ധര്‍ കണ്ടെത്തി. ഇതുസംബന്ധിച്ച റിപോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സോമാലിയയിലെ സ്വയംപ്രഖ്യാപിത സ്വതന്ത്ര പ്രദേശമായ സോമാലിലാന്‍ഡിലെ ബെര്‍ബെറയില്‍ പണിയുന്ന സൈനികതാവളത്തിലേക്ക് യുഎഇ കപ്പല്‍മാര്‍ഗം ആയുധങ്ങളടക്കമുള്ള സൈനിക ഉപകരണങ്ങള്‍ എത്തിക്കുന്നതായാണ് വിവരം. ഇത് അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്ക് എതിരാണ്.
സോമാലിലാന്‍ഡുമായുള്ള കരാറില്‍ യുഎഇ കഴിഞ്ഞവര്‍ഷാവസാനമാണ് സൈനികവിമാനത്താവളത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. 1991ലെ ആഭ്യന്തര കലാപത്തെ തുടര്‍ന്നാണ് സോമാലിലാന്‍ഡ് സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത്. യമനോട് അടുത്തുനില്‍ക്കുന്ന സോമാലിലാന്‍ഡില്‍ തുറമുഖം വികസിപ്പിക്കാനാണ് യുഎഇ പദ്ധതി. 2015 മുതല്‍ ഹൂതി വിമതര്‍ക്കെതിരായ നടപടികളില്‍ സൗദി അറേബ്യയുമായി യുഎഇ സൈന്യം സഹകരിക്കുന്നുണ്ട്. സോമാലി ലാന്‍ഡില്‍ യുഎഇ സൈനികതാവളം നിര്‍മിക്കുന്നതിനെതിരേ സോമാലിയ യുഎന്‍ രക്ഷാ സമിതിയോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച യുഎന്‍ നടപടികളോട് സോമാലിലാന്‍ഡ് അധികൃതര്‍ പ്രതികരിച്ചിരുന്നില്ല.
നേരത്തെ യമനില്‍ നിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന കപ്പല്‍ തീരസംരക്ഷണ പോലിസിന്റെ പിടിയിലായിരുന്നു. കപ്പലില്‍ ചൈനീസ് നിര്‍മിത ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഒരു ചൈനീസ് കമ്പനിയും ഉപരോധം ലംഘിച്ചിട്ടില്ലെന്ന് ചൈന വ്യക്തമാക്കി.

Next Story

RELATED STORIES

Share it