യാസ്മിന്‍ അഹമ്മദിന് ഏഴു വര്‍ഷം കഠിനതടവും പിഴയും

കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദിന് ഏഴു വര്‍ഷം കഠിനതടവും പിഴയും ശിക്ഷവിധിച്ചു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി എസ് സന്തോഷ് കുമാറാണ് ശിക്ഷ വിധിച്ചത്. കാസര്‍കോട് സ്വദേശികളായ 15 യുവാക്കളെ അഫ്ഗാനിസ്താനിലേക്ക് കടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ഗൂഢാലോചനക്കുറ്റത്തിനു മൂന്നു വര്‍ഷത്തെ കഠിനതടവും ഇന്ത്യാ ഗവണ്‍മെന്റുമായി സഖ്യത്തിലിരിക്കുന്ന ഏഷ്യയിലെ ഏതെങ്കിലും രാജ്യത്തിനെതിരായി യുദ്ധം ചെയ്യുന്നതിനായി പ്രേരിപ്പിച്ചുവെന്ന കുറ്റത്തിനു ഏഴു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴസംഖ്യ അടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവുകൂടി അനുഭവിക്കണം. യുഎപിഎ നിയമത്തിലെ 38,39,40 എന്നീ വകുപ്പുകള്‍ക്ക് ഏഴു വര്‍ഷം വീതം കഠിനതടവനുഭവിക്കണം. വിചാരണത്തടവിന്റെ കാലയളവില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
2016 ആഗസ്ത് ഒന്നിനു ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വച്ചാണ് യാസ്മിനെ മകനോടൊപ്പം പോലിസ് പിടികൂടിയത്. 2016 ജൂലൈ 10ന് കാസര്‍കോട് സ്വദേശി ടി പി അബ്ദുല്ല തന്റെ മകനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ചന്ദേര പോലിസിനു നല്‍കിയ പരാതിയിലാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. അബ്ദുല്ലയുടെ മകനാണ് ഈ കേസിലെ ഒന്നാംപ്രതി അബ്ദുല്‍ റാഷിദ്. റാഷിദിനെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് കാസര്‍കോടു നിന്നു 15 യുവാക്കളെ അഫ്ഗാനിസ്താനിലേക്ക് കടത്തിയതായി അന്വേഷണസംഘത്തിനു ബോധ്യപ്പെട്ടത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഐഎസ് കേസുകളില്‍ ആദ്യത്തെ കേസാണിത്. പ്രോസിക്യൂഷന്‍ 52 സാക്ഷികളെയും 124 രേഖകളും 30 തൊണ്ടിമുതലുകളും തെളിവായി കോടതിയില്‍ ഹാജരാക്കി.
ഒന്നാം പ്രതിക്കൊപ്പം യാസ്മിനും ഗൂഢാലോചനയില്‍ പങ്കെടുത്ത് യുവാക്കളെ അഫ്ഗാനിസ്താനിലേക്ക് കടത്തിയെന്നു വിചാരണയില്‍ കണ്ടെത്തിയതായി വിധിന്യായത്തില്‍ പറയുന്നു. ഐഎസിന്റെ പ്രവര്‍ത്തനത്തിനായി ഒന്നാംപ്രതി യാസ്മിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചുവെന്നും കോടതി കണ്ടെത്തി. ഒന്നാംപ്രതി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി രഹസ്യ ക്ലാസുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കേസിലെ മറ്റു പ്രതികളായ യഹ്‌യ, ഈസ, അശ്ഫാഖ്, ഷിയാസ്, ഇജാസ്, ഹഫീസുദ്ദീന്‍, മര്‍വാന്‍, മുര്‍ഷിദ്, സാജിദ് എന്നിവര്‍ ഐഎസിന്റെ ക്ലാസിനും മറ്റുമായി യാസ്മിനും ഭര്‍ത്താവ് അബ്ദുല്‍റഷീദും താമസിച്ച വീട്ടില്‍ എത്തിയിരുന്നു.€വാട്‌സ്ആപ്പുവഴി ഒന്നാംപ്രതി യാസ്മിന്റെ ഫോണിലേക്ക് ശബ്ദസന്ദേശങ്ങള്‍ അയച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ജിഹാദുമായി ബന്ധപ്പെട്ട് പുസ്തകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ യാസ്മിനൊഴികെയുള്ള മറ്റു പ്രതികളെ അന്വേഷണസംഘത്തിനു കണ്ടെത്താനായിട്ടില്ല.
കേസിന്റെ അന്വേഷണഘട്ടത്തില്‍ യാസ്മിനു ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ജാമ്യക്കാരന്‍ പിന്‍മാറിയതിനെ തുടര്‍ന്നു വിചാരണത്തടവുകാരിയായി കഴിയേണ്ടിവന്നു. കേസിലെ ഒന്നാംപ്രതി അബ്ദുല്‍ റാഷിദിനും മറ്റു പ്രതികള്‍ക്കുമെതിരെയുള്ള വിചാരണ വേര്‍തിരിച്ചു യാസ്മിനെതിരെയുള്ള വിചാരണ നടത്തുകയായിരുന്നു. എന്‍ഐഎക്കുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അര്‍ജുന്‍ അമ്പലപ്പാട്ട് ഹാജരായി. കോടതിവിധിക്കു പിന്നാലെ താന്‍ നിരപരാധിയാണെന്നും ഇന്ത്യക്കാരിയാണെന്നും താന്‍ ഐഎസിന്റെ ഭാഗമല്ലെന്നും യാസ്മിന്‍ വ്യക്തമാക്കി. രാജ്യത്തോട് ബഹുമാനമുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും സത്യം ഉടന്‍ പുറത്തുവരുമെന്നും യാസ്മിന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it