ernakulam local

യാര്‍ഡിലെ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു

കളമശ്ശേരി: ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന കളമശ്ശേരി നഗരസഭയുടെ ഡബ്ബിങ് യാര്‍ഡിലെ മാലിന്യം നിരത്തുന്നതും മാലിന്യസംസ്‌കരണവും ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു.
ഡബ്ബിങ് യാര്‍ഡിലെ മാലിന്യസംസ്‌കരണം ശാസ്ത്രീയമല്ലെന്നും ഏലൂരിലെ ജനങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന മുട്ടാര്‍ പുഴ മലിനമാവുന്നുവെന്ന് ആരോപിച്ചാണ് പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്. ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ സിജി സാബുവിന്റെ നേതൃത്വത്തില്‍ വൈസ് ചെയര്‍മാന്‍ എ ഡി സുജില്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി പി ഉഷ, അബ്ദുല്‍ലത്തീഫ്, ജെയിംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഡബ്ബിങ് യാര്‍ഡിലെ മാലിന്യം നിരത്തുന്നതും സംസ്‌കരണവും തടഞ്ഞത്.
പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശപ്രകാരം ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന കളമശ്ശേരി നഗരസഭയുടെ ഡബ്ബിങ് യാര്‍ഡില്‍നിന്നും ആറു മാസത്തിനകം കുന്നുകൂടി കിടക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം നഗരസഭ അധികാരികളെ വിളിച്ചുവരുത്തി ചീഫ് സെക്രട്ടറി ശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കണമെന്ന് നിര്‍ദേശിച്ചു. അതിനാല്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് നിര്‍ദേശിച്ച പ്രകാരം മാലിന്യസംസ്‌കരണം നടത്താതെ കുന്നുകൂടി കിടക്കുന്ന അഴുകിയ മാലിന്യങ്ങള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിരത്തുകയായിരുന്നു.
മാലിന്യം നിരത്തുന്നതിനു മുമ്പ് അഴുകിയ മാലിന്യം മണ്ണില്‍ ലയിക്കാതിരിക്കാന്‍ കട്ടി കൂടിയ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഭൂമിയില്‍ നിരത്തിയതിനു ശേഷം അതില്‍ മാലിന്യം നിരത്തി മണ്ണിട്ടു മൂടാനാണ് നിര്‍ദേശിച്ചിരുന്നത്. കൂടാതെ പെരിയാറിന്റെ കൈവരിയായ മുട്ടാര്‍പുഴയില്‍ ചെന്നെത്തുന്ന തൂമ്പുങ്കല്‍ തോട്ടിലേക്ക് ഡബ്ബിങ് യാര്‍ഡിലെ മാലിന്യങ്ങള്‍ ഒഴുകി എത്താതെ ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
ഡബ്ബിങ് യാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞതിനു ശേഷം കളമശ്ശേരി നഗരസഭയിലെത്തി പ്രതിഷേധം അറിയിക്കുകയായിരുന്നു.
ഒരാഴ്ച്ചക്കകം മാലിന്യസംസ്‌കരണം ശാസ്ത്രീയമായ രീതിയില്‍ നടത്തിയില്ലെങ്കില്‍ ഏലൂര്‍ നഗരസഭയിലെ മുഴുവനും ജനങ്ങളേയും അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ സിജി ബാബു മുന്നറിയിപ്പു നല്‍കി.
Next Story

RELATED STORIES

Share it