Kollam Local

യാത്രാ സൗകര്യം മെച്ചപ്പെട്ടു; അടിസ്ഥാന സൗകര്യം ഇനിയും അകലെ

ശാസ്താംകോട്ട: നിരന്തമായ ആവശ്യങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷനിലെ യാത്രാസൗകര്യം ഏറെ മെച്ചപ്പെട്ടങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ വലയ്ക്കുന്നു.ഏതാനും വര്‍ഷം മുമ്പ് പാസഞ്ചര്‍ ട്രെയിനുകള്‍ക്കും മലബാര്‍ എക്‌സ്പ്രസ്സിനും മാത്രം സ്റ്റോപ്പ് ഉണ്ടായിരുന്ന ഇവിടെ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഇടപെടീലിലൂടെ നിരവധി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നിലവില്‍ പരശുറാം, വഞ്ചിനാട്, ഐലന്റ്, മാംഗളൂര്‍, ഗുരുവായൂര്‍, പാലരുവി തുങ്ങിയ നിരവധി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ട്. പ്രതിദിനം നൂറ് കണക്കിന് യാത്രക്കാര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ടങ്കിലും റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ല. ഇത് മൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലാണ്.2013ല്‍ സ്‌റ്റേഷനെ ആദര്‍ശ് റെയില്‍ സ്‌റ്റേഷനാക്കി പ്രഖ്യാപിച്ചിട്ടും കുടിവെള്ളം, മൂത്രപ്പുര, പ്ലാറ്റ്‌ഫോമുകളില്‍ ആവശ്യത്തിന് വെളിച്ചം എന്നിവ ഇല്ല. പ്ലാറ്റ്‌ഫോംമുകളിലും ഇവിടുത്തെ ഇരിപ്പിടങ്ങള്‍ക്ക് ചുറ്റും കാടുമൂടി കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. രാത്രികാലങ്ങളില്‍ പ്ലാറ്റ്‌ഫോം കേന്ദ്രീകരിച്ച് മദ്യ-മയക്കുമരുന്ന് വില്‍പ്പനയും സജീവമാണ്.പ്ലാറ്റ് ഫോമുകള്‍ക്ക് മേല്‍ക്കൂര ഇല്ലാത്തതാണ് ഏറെ ദുഷ്‌കരം. ട്രെയിനില്‍ കയറുന്നതിന് വേണ്ടി യാത്രക്കാര്‍ മഴയും വെയിലുമേറ്റ് നില്‍ക്കേണ്ട അവസ്ഥയാണ്. നാമമാത്രമായി മേല്‍ക്കൂര സ്ഥാപിച്ചുള്ള ഭാഗം യാത്രക്കാര്‍ക്ക് പ്രയോജനം ഉള്ള സ്ഥലത്തല്ലന്ന പ്രത്യേകതയും ഉണ്ട്.റിസര്‍വേഷന്‍ സൗകര്യം ഉണ്ടങ്കിലും സാധാരണ ടിക്കറ്റ് നല്‍കുന്നതിനും റിസര്‍വേഷനും ഒറ്റ കൗണ്ടറാണ് ഉള്ളത്. അതിനാല്‍ യാത്രക്കാര്‍ ഏറെ കാത്തു നില്‍ക്കേണ്ട അവസ്ഥയാണുള്ളത്.പ്രധാന ജങ്ഷനുകളില്‍ നിന്നും ഏറെ അകലെയാണ് റെയില്‍വേ സ്റ്റേഷന്‍ എന്നതിനാല്‍ ഇവിടേക്കുള്ള യാത്രയും ദുഷ്‌കരമാണ്. മുമ്പ് കരുനാഗപ്പള്ളി കെഎസ്ആര്‍ടിസ് ഡിപ്പോയില്‍ നിന്നും റെയില്‍വേ സ്‌റ്റേഷന്‍ വഴി ബസ് സര്‍വീസ് ഉണ്ടായിരുന്നങ്കിലും ഇപ്പോള്‍ അത് നിലച്ചിരിക്കുകയാണ്. റെയില്‍വേ സ്‌റ്റേഷന്‍വഴി കൂടുതല്‍ ബസ് സര്‍വീസുകള്‍ അനുവദിക്കണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല. റെയില്‍വേ സ്റ്റേഷനിലേക്കുള്ള മിക്കറോഡുകളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്. മൂക്ക്‌പൊത്താതെ ഈ റോഡുകളില്‍ കൂടിയുള്ള യാത്ര സാധ്യമല്ല. ഒപ്പം വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രികാല യാത്രകള്‍ ക്ലേശകരവുമാണ്.
Next Story

RELATED STORIES

Share it