Idukki local

യാത്രാ സൗകര്യം ഒരുക്കിയില്ല; എന്‍സിസി കാഡറ്റുകള്‍ക്ക് പരേഡ് പരിശീലനത്തില്‍ പങ്കെടുക്കാനായില്ല 

ചെറുതോണി: റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലന പരിപാടിയില്‍ നിന്നും വാഴത്തോപ്പ് ഗവ. ഹൈസ്‌കൂളിലെ എന്‍സിസി കേഡറ്റുകള്‍ വിട്ടു നിന്നു. പരിശീലനത്തിനുശേഷം തിരികെ പോകാന്‍ വാഹനം ലഭിക്കാത്തതുമൂലമാണ് കുട്ടികളും അദ്ധ്യാപകരും ഇത്തവണ വിട്ടുനിന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ പരിശീലനത്തിനായി ഇവരെ ഒരു സ്വകാര്യ കോളേജിന്റെ വാഹനത്തില്‍ എത്തിച്ചിരുന്നു.
രാവിലെ 7.30ന് ഗ്രൗണ്ടിലെത്തിച്ചുവെങ്കിലും 9.30നു പരിശീലനം കഴിഞ്ഞശേഷം വാഹനത്തിന്റെ ഡ്രൈവറോട് തിരികെ എത്തിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൊണ്ടുപോകുവാന്‍ തങ്ങള്‍ ഉത്തരവാദിയല്ലായെന്നും അധികൃതരുടെ അനുമതി വേണമെന്നും ഡ്രൈവര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് അദ്ധ്യാപകര്‍ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചെങ്കിലും വാഹനം എത്തുമെന്ന് പറഞ്ഞ് ഒഴിവായി. ഉച്ചയ്ക്ക് 12 മണി വരെ വാഹനം കാത്തിരുന്ന അദ്ധ്യാപകരും കുട്ടികളും ഒടുവില്‍ മൂന്നു കിലോമീറ്ററോളം നടന്ന് സ്‌കൂളിലെത്തുകയായിരുന്നു. വിവരം എഡിഎന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കളക്ടറോടു സംസാരിക്കാമെന്ന് പറഞ്ഞതായും അദ്ധ്യാപകര്‍ പറയുന്നു.
ക്ഷീണിതരായ കുട്ടികളെ പൊരിവെയിലില്‍ നടത്തി പരേഡില്‍ പങ്കെടുക്കേണ്ടായെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളും തീരുമാനമെടുത്തതിനാല്‍ മൂന്നാം ദിവസത്തെ പരിശീലനത്തിന് എന്‍സിസി കേഡറ്റുകള്‍ എത്തിയില്ല. 60 കുട്ടികളാണ് വാഴത്തോപ്പ് ഗവ. ഹൈസ്‌കൂളില്‍ നിന്നുംപരിശീലനത്തില്‍ പങ്കെടുത്തത്. 25 ആണ്‍കുട്ടികളും, 25 പെണ്‍കുട്ടികളും ഉള്‍പ്പെട്ട രണ്ട് പ്ലടൂണുകളാണ് റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കേണ്ടത്.
സഹായികളായി മൂന്നുപേരെ വീതം തയ്യാറാക്കി നിര്‍ത്താറുമുണ്ട്. അധികൃതരുടെ നിരുത്തരവാദപരമായ പെരുമാറ്റം മൂലം ഇക്കൊല്ലം ജില്ലയിലെ റിപ്പബ്ലിക്ദിന പരേഡില്‍ എന്‍സിസി കേഡറ്റുകള്‍ പങ്കെടുക്കില്ല.
Next Story

RELATED STORIES

Share it