kasaragod local

യാത്രാ ദുരിതം; പെറുവത്തോടിക്കാര്‍ക്ക് ആശ്രയം കവുങ്ങ് തടി പാലം

മുള്ളേരിയ: യാത്രാ ദുരിതം പേറി ഒരു പ്രദേശവാസികള്‍. നാടും നഗരവും വികസിക്കുമ്പോള്‍ ബെള്ളൂര്‍ പഞ്ചായത്തിലെ പെറുവത്തോടി-കായിമല പ്രദേശത്തുകാര്‍ക്ക് കായിമലയിലെ തോട് കടന്ന് അക്കരെ എത്തണമെങ്കില്‍ ഇന്നും ആശ്രയിക്കുന്നത് കര്‍ഷകരുടെ കൂട്ടായ്മയില്‍ പണിയുന്ന കവുങ്ങ് പാലം മാത്രമാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ഈ നൂല്‍ പാലത്തിലൂടെ കടക്കുന്നത്. ബെള്ളൂര്‍, അഗല്‍പാടി, ബെളിഞ്ച, ബദിയടുക്ക തുടങ്ങിയ സ്‌കൂളുകളിലേക്ക് ഇവിടുത്തെ വിദ്യാര്‍ഥികള്‍ കടന്ന് ചെല്ലാന്‍ ആശ്രയിക്കുന്നത് ഇതേ പാലത്തിനെയാണ്.
കായ്മലയില്‍ നിന്നും ബസ് സൗകര്യം ഉള്ളതുകൊണ്ടും എറ്റവും എളുപ്പത്തില്‍ പാലത്തിലൂടെ മറുകയയിലെത്താം എന്നതുകൊണ്ടും അപകടം മുന്നില്‍ കണ്ട് കൊണ്ടെങ്കിലും കര്‍ഷകരടക്കമുള്ള തദ്ദേശവാസികള്‍ ആശ്രയിക്കുന്നത് കവുങ്ങ് പാലത്തിനെയാണ്.
വെള്ളം കുത്തിയൊലിക്കുന്ന തോടിന് മുകളില്‍ ഒന്നോ രണ്ടോ കവുങ്ങ് തടി കൊണ്ടാണ് പാലമുണ്ടാക്കുന്നത്. അവയില്‍ ചിലതിന് കൈവരി പോലും ഉണ്ടാകാറില്ല. രക്ഷിതാക്കളില്‍ പലരും സ്‌കൂളില്‍ പോകുന്ന കുട്ടികളെ രാവിലെയും വൈകിട്ടും പാലത്തിലുടെ ഇരു വശങ്ങളിലേക്കും എത്തിക്കാറാണ് പതിവ്. തൊട്ടടുത്ത മുള്ളേരിയയിലേക്കോ ബദിയടുക്കയിലേക്കോ എത്തിപ്പെടണമെങ്കില്‍ ഈ പാലമില്ലെങ്കില്‍ 12 കി മി സഞ്ചരിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏതൊരു ആവശ്യത്തിനും ഇവിടുത്തുകാര്‍ക്ക് ആശ്രയിക്കേണ്ടത് കിന്നിംഗാറിനേയാണ്. പഞ്ചായത്ത് ഓഫിസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷി ഭവന്‍, ആയുര്‍വേദ ആശുപത്രി എല്ലാം സ്ഥിതി ചെയ്യുന്നത് കിന്നിംഗാറിലാണ്. അത്‌കൊണ്ടു തന്നെ അപകടം മുന്നില്‍ കണ്ടുകൊണ്ട് പാലത്തിലൂടെ ജീവന്‍ പണയം വച്ച് യാത്ര തുടരുകയാണ്.
കായിമല പെറുവത്തോടിയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു വശം പതിനൊന്നാം വാര്‍ഡിലും മറു വശം പന്ത്രണ്ടാം വാര്‍ഡിലുമാണ് സ്ഥിതി ചെയ്യുന്നത്. മാത്രവുമല്ല പാലം സ്ഥിതി ചെയ്യുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ്.
നേരത്തെ പാലം പണിയുവാന്‍ പഞ്ചായത്ത് അധികൃതര്‍ ശ്രമം നടത്തിയെങ്കിലും സ്ഥലം വിട്ടു കൊടുക്കുവാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥലം വിട്ടു തരാമെന്ന് സ്വകാര്യ വ്യക്തി പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ട്. ചെറുകിട ജലസേചന പദ്ധതിയില്‍ പെടുത്തി ശാശ്വത പരിഹാരമെന്ന നിലയില്‍ പാലം പണിയുവാന്‍ പഞ്ചായത്ത് അധികൃതര്‍ ബന്ധപെട്ട അധികൃതരോട് ആവശ്യപ്പെടുമെന്ന് പറയുമ്പോഴും നല്ലൊരു കോണ്‍ക്രീറ്റ് പാലമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ കടമ്പകള്‍ ഏറെയുണ്ട്.
Next Story

RELATED STORIES

Share it