യാത്രാരംഗത്തെ വിപ്ലവമായ ഹൈപ്പര്‍ലൂപ്പ് യുഎഇയില്‍ നിര്‍മാണം ആരംഭിച്ചു

കബീര്‍  എടവണ്ണ
ദുബയ്: യാത്രാരംഗത്തെ വിപ്ലവമായി മാറുന്ന ഏറ്റവും പുതിയ യാത്രാവാഹനമായ ഹൈപ്പ ര്‍ലൂപ്പിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അബൂദബിയില്‍ ആരംഭിച്ചു. വിമാനങ്ങളുടെ അതേ വേഗത്തില്‍ ഭൂമിയിലൂടെ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
പുനരുപയോഗ ഊര്‍ജത്തിലൂടെ അന്തരീക്ഷമലിനീകരണം തീരെ ഇല്ലാതെ മണിക്കൂറില്‍ 1,223 കി.മീറ്റര്‍ വേഗത്തിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. ഇതിനായി നിര്‍മിക്കുന്ന കുഴലുകളിലെ വായു നീക്കം ചെയ്ത് ഗുരുത്വാകര്‍ഷണം ഇല്ലാതാക്കി കാന്തികശക്തി ഉപയോഗിച്ചാണ് ഇത്രയും വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നത്. 28 മുതല്‍ 40 പേര്‍ക്ക് വരെ യാത്ര ചെയ്യാന്‍ കഴിയുന്ന 30 മീറ്റര്‍ നീളമുള്ള കാപ്‌സ്യൂളുകളാണ് യാത്രയ്ക്ക് ഉപയോഗിക്കുക. 40 സെക്കന്‍ഡ് ഇടവിട്ട് ഇത്തരം കാപ്‌സ്യൂളുകള്‍ക്ക് ഈ കുഴലിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നതിനാല്‍ ഒരു സെക്റ്ററില്‍ തന്നെ പ്രതിദിനം 1,64,000 പേര്‍ക്ക് യാത്ര ചെയ്യാം. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി അലൂമിനിയത്തേക്കാള്‍ പത്തിരട്ടി ശക്തിയുള്ളതും ഇരുമ്പിനേക്കാള്‍ അഞ്ചിരട്ടി ഭാരക്കുറവുള്ളതുമായ വൈബ്രേനിയം എന്ന പ്രത്യേക ലോഹം ഉപയോഗിച്ചാണ് കാപ്‌സ്യൂളിന്റെ നിര്‍മാണം.
ഓരോ പ്ലാറ്റ്‌ഫോറത്തിലും ഒരേസമയം 3,600 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. നിലവിലുള്ള ഗതാഗത പാതകളിലും തിരക്കുപിടിച്ച നഗരങ്ങളിലും ഹൈപ്പര്‍ലൂപ്പ് നിര്‍മിക്കാന്‍ കഴിയും. 2020ല്‍ തന്നെ ഹൈപ്പര്‍ലൂപ്പ് ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് യുഎഇയിലെ ഇതിന്റെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ട് ടെക്‌നോളജിയുടെയും അബൂദബിയിലെ അല്‍ദാര്‍ പ്രോപ്പര്‍ട്ടിയുടെയും സംയുക്താഭിമുഖ്യത്തിലാണ് നിര്‍മാണം.
താമസിയാതെ അബൂദബിയില്‍ നിന്നും ദുബയ്, അല്‍ഐന്‍, റിയാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന കുഴലുകളും നിര്‍മിക്കും. ഇന്ത്യയില്‍ മുംബൈ-പൂനെ സെക്റ്ററിലാണ് ആദ്യമായി ഹൈപ്പര്‍ലൂപ്പ് യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നത്.
Next Story

RELATED STORIES

Share it