Kottayam Local

യാത്രാമധ്യേ മരിച്ച രോഗിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത് രേഖകളില്ലാതെ

ആര്‍പ്പൂക്കര: ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിച്ച യുവതിയായ രോഗിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുവാന്‍ പോലിസ് രേഖയോ, സാന്നിധ്യമോ ഉണ്ടായിയിരുന്നില്ലെന്ന് ആക്ഷേപം. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍  ഗാന്ധിനഗര്‍ പോലിസുമായി ബന്ധപ്പെട്ട രേഖ സംഘടിപ്പിച്ചശേഷമാണ് പോലിസ് എയ്ഡ് പോസ്റ്റിലെ പോലിസിന്റെ സാന്നിധ്യത്തില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. വൈക്കം വെള്ളൂര്‍ ജാതിക്കാമലയില്‍ മഠത്തില്‍ കരോട്ട് വീട്ടില്‍ രാജന്‍ ജോര്‍ജിന്റെ ഭാര്യ മിനി രാജ(34)ന്റെ മൃതദേഹമാണ് പോലിസ് രേഖകളില്ലാതെ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കൊണ്ടുവന്നത്. ഇന്നലെ  പുലര്‍ച്ചെ രണ്ടിന്  കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. തലയോലപ്പറമ്പ് പൊതിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ യുവതി മരണപ്പെട്ടു.  മരണം ഉറപ്പിക്കാനായി മൃതദേഹം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികില്‍സ രേഖകളുണ്ടെങ്കിലും  മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ വിവരം പോലിസിന് കൈമാറി. തലയോലപ്പറമ്പ് പോലിസ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കാന്‍ നിര്‍ദേശിച്ചു.  തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹവുമായി മെഡിക്കല്‍ കോളജ് ആശുപത്രിലെത്തുകയായിരുന്നു. എന്നാല്‍ പോലിസ് രേഖകളോ, പോലിസോ ഇല്ലാതെ മൃതദേഹം ഇവിടെ സൂക്ഷിക്കാനാവില്ലെന്ന് മെഡിക്കല്‍ കോളജ്് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന്  ആശുപത്രി അധികൃതര്‍ ഗന്ധിനഗര്‍ പോലിസില്‍ ബന്ധപ്പെട്ട് രേഖകള്‍ സംഘടിപ്പിച്ച ശേഷമാണ് എയ്ഡ് പോസ്റ്റിലെ പോലിസിന്റെ സാന്നിധ്യത്തില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
Next Story

RELATED STORIES

Share it