യാത്രയ്ക്കിടെ ലോറി ക്ലീനര്‍ കൊല്ലപ്പെട്ടു; യുവാവ് ഈയിടെ മതംമാറിയിരുന്നതായി ബന്ധുക്കള്‍

പാലക്കാട്: ചരക്കുലോറിയിലെ ക്ലീനര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ലോറിയിലെ ക്ലീനര്‍ കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷ (23) ആണ് മരിച്ചത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കോയമ്പത്തൂര്‍ സ്വദേശി നൂറുല്ലയ്ക്കും പരിക്കുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു.
സംഭവം നടന്നത് ചാവടി എട്ടിമടൈയിലാണെന്ന് സിസിടിവി പരിശോധനയില്‍ വ്യക്തമായതിനാല്‍ കസ്റ്റഡിയിലുള്ളയാളെ തമിഴ്‌നാട് പോലിസിനു കൈമാറി. കൂലിപ്പണിക്കാരനായ വിജയ് കോയമ്പത്തൂരിലുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. വിവാഹ ഒരുക്കത്തിലായിരുന്നുവെന്നും മാസങ്ങള്‍ക്കു മുമ്പാണ് മുബാറക് ബാഷയായി പേരുമാറ്റിയതെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. മരണവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ കോയമ്പത്തൂര്‍ മേട്ടുപ്പാളയത്തു നിന്ന് ചരക്കുമായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന ലോറിക്ക് നേരെ കഞ്ചിക്കോട് വച്ച് കല്ലേറുണ്ടായെന്നാണ് നൂറുല്ല ആദ്യം മൊഴി നല്‍കിയത്. ഇതേത്തുടര്‍ന്ന് ആക്രമണത്തിന് പിന്നില്‍ സമരാനുകൂലികള്‍ ആയിരിക്കുമെന്ന് സംശയിച്ചിരുന്നു.
പിന്നീട് ചാവടി എട്ടിമടൈയ്ക്കടുത്താണ് സംഭവമെന്ന് കസബ പോലിസിനോട് മൊഴി മാറ്റിപ്പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ക്ലീനര്‍ മുബാറക്കിനെ ആദ്യം കഞ്ചിക്കോട്ടെ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. നെഞ്ചിന്റെ എല്ല് തകര്‍ന്ന് ആഴത്തിലുണ്ടായ മുറിവാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക റിപോര്‍ട്ട്. എന്നാല്‍, പുറത്തുനിന്നുള്ള കല്ലേറില്‍ ഇത്തരമൊരു മുറിവുണ്ടാവില്ലെന്നാണ് പോലിസ് നിഗമനം. അതിനിടെ, സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
Next Story

RELATED STORIES

Share it