യാത്രയ്ക്കിടെ കാറിന് തീപ്പിടിച്ച് റിട്ട. അധ്യാപകന്‍ മരിച്ചു

കുറ്റിയാടി: യാത്രയ്ക്കിടെ കാറിന് തീപ്പിടിച്ച് റിട്ട. അധ്യാപകന്‍ വെന്തുമരിച്ചു. നരിപ്പറ്റയിലെ മണിയൂര്‍ താഴെ കൊയ്യാല്‍ നാണു (62) ആണു മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ നാലിന് കുറ്റിയാടി-വടകര സംസ്ഥാന പാതയില്‍ വട്ടോളി അമ്പലകുളങ്ങരയിലാണ് അപകടം. കുറ്റിയാടിയിലെ ഒരു ഡോക്ടറെ പരിശോധനയുടെ ഭാഗമായി ബുക്ക് ചെയ്യാന്‍ പോവുന്നതിനിടെയാണ് കാറിന് തീപ്പിടിച്ചതെന്നു നാട്ടുകാര്‍ പറയുന്നു. മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്തവിധം കത്തിക്കരിഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ നമ്പര്‍ മനസ്സിലാക്കിയാണു ബന്ധുക്കള്‍ ഇയാളെ തിരിച്ചറിഞ്ഞത്. കുറ്റിയാടി സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഭവസ്ഥലത്തെത്തി. കണ്ണൂരില്‍ നിന്നുള്ള സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വടകര കോടതി ജീവനക്കാരി സുജാതയാണു ഭാര്യ. വിദ്യാര്‍ഥിയായ അല്‍മജ് അലന്‍ ഏകമകനാണ്.
അതേസമയം അധ്യാപക ന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി പോലിസ് പറഞ്ഞു. ഓടുന്ന കാറിന് ഇത്തരത്തില്‍ തീപ്പിടിക്കാന്‍ സാധ്യതയില്ലെന്നാണ് പോലിസിന്റെ നിഗമനം. അഥവാ തീപ്പിടിച്ചാല്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ സാധിക്കും. മരിച്ച നാണു പ്രദേശവാസികളായ ചിലരോട് പെട്രോള്‍ വാങ്ങാന്‍ കുപ്പി ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. ഇയാളുടെ മരണം ആത്മഹത്യയാണെന്ന സംശയവും പോലിസ് തള്ളിക്കളയുന്നില്ല. അസ്വാഭാവിക മരണത്തിനു പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it