kozhikode local

യാത്രക്കാര്‍ക്ക് അപകടക്കെണിയൊരുക്കി നാദാപുരം ബസ് സ്റ്റാന്റ്‌

നാദാപുരം: നാദാപുരം ബസ് സ്റ്റാന്റില്‍ എത്തുന്ന യാത്രക്കാര്‍ അപകടത്തില്‍ പെടാതിരിക്കുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. പരിസരത്തെ ആറ് സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നുമായി വൈകുന്നേരങ്ങളില്‍ നൂറു കണക്കിന് വിദ്യാര്‍ഥികളാണ് ഒരേ സമയം നാദാപുരം സ്റ്റാന്റില്‍ വിവിധ ഭാഗങ്ങളിലേക്ക് പോകാനായി എത്തുന്നത്. ഇതില്‍ ഏറെയും പെണ്‍കുട്ടികളാണ്. വടകര ഭാഗത്തു നിന്നും കുറ്റിയാടി ഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ക്ക് സ്റ്റാന്റിലേക്ക് ഇറങ്ങാനും കയറാനും ഒരു കവാടം മാത്രമേയുള്ളൂ. തലശ്ശേരി ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ പുറത്തേക്ക് പോവുന്നതും ഈ കവാടത്തിലൂടെ തന്നെയാണ്. ഫലത്തില്‍ ഒരേ സമയം നാലും അഞ്ചും ബസ്സുകളാണ് പൊതുവെ ഇടുങ്ങിയ സ്റ്റാന്റില്‍ മല്‍സരിച്ചോടിയെത്തുന്നത്. അമിത വേഗതയില്‍ സ്റ്റാന്റിന്റെ മുന്‍ ഭാഗത്തുള്ള കവാടത്തിലൂടെ അകത്തേക്ക് കയറുന്ന ബസ്സുകള്‍ ഇതേ കവാടത്തിലൂടെ തിരിച്ചു പോവാനായി പിന്നോട്ടെടുത്താണ് നിര്‍ത്തുന്നത്. ഇതിനിടയില്‍ യാത്രക്കാര്‍ സ്റ്റാന്റിന്റെ മധ്യഭാഗത്ത് ഇറങ്ങി നില്‍ക്കുന്നതും തിക്കും തിരക്കും കൂട്ടുന്നതുമാണ് അപകടക്കെണിയൊരുക്കുന്നത്. ബസ്സുകളില്‍ കയറിപ്പറ്റാനായി വിദ്യാര്‍ഥികള്‍ ബസ്സിനു പിന്നാലെ ഓടുന്നത് സ്റ്റാന്റിലെ പതിവ് കാഴ്ചയാണ്. ഇതിനിടയിലാണ് ഞൊടിയിടയില്‍ ബസ്സുകളുടെ പിന്നോട്ടെടുക്കലും തിരിക്കലും മുന്നോട്ടെടുക്കലും എല്ലാം നടക്കുന്നത്. ഇതിനിടയില്‍ വിദ്യാര്‍ഥികളെ കയറ്റാതിരിക്കാനായുള്ള ബസ്സുകാരുടെ ശ്രമവും. ഈ അവസ്ഥയില്‍ ശ്വാസമടക്കി നോക്കി നില്‍ക്കാനേ തങ്ങള്‍ക്ക് കഴിയാറുള്ളുവെന്നും പല കുട്ടികളും ഭാഗ്യംകൊണ്ട് മാത്രമാണ് കൂടുതല്‍ അപകടത്തില്‍ പെടാത്തതെന്നും സ്റ്റാന്റിലെ കച്ചവടക്കാര്‍ പറയുന്നു. അതത് സ്‌കൂളുകളിലെ അധ്യാപകര്‍ വിദ്യാര്‍ഥികളെ നിയന്ത്രിച്ച് ബസ്സുകളില്‍ കയറ്റി വിടാന്‍ തയ്യാറായാല്‍ അപകട സാധ്യത ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ജനം പറയുന്നത്.



Next Story

RELATED STORIES

Share it